മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരേ ശൈലിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സി.ഐ.ജി റിപ്പോര്‍ട്ടിലെ അഴിമതി ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഡല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥചിത്രം പുറത്തുവിട്ട രണ്ടു പ്രമുഖ മലയാള ദൃശ്യമാധ്യമങ്ങളെ വിലക്കിയ മോദിയുടെ നടപടിയും പോലീസ് ഉന്നതതലത്തില്‍ നടന്ന അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ തളയ്ക്കാന്‍ അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയന്റെയും നടപടിയില്‍ സമാനതകളേറെയാണ്. മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയ ഫാസിസ്റ്റ് നടപടിയെ വിമര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി ആദ്യമണിക്കൂറില്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉയരാത്തത് ചര്‍ച്ചയായപ്പോള്‍ വഴിപാട് പോലെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്. പൗരത്വ നിയമഭേദഗതി വിഷയത്തിലും അദ്ദേഹത്തിന്റെ പ്രതികരണം സമാനരീതിയിലായിരുന്നു. പിണറായി സ്റ്റാലിനിസ്റ്റ് ആശയങ്ങളും മോദി ഫാസിസ്റ്റ് ആശയങ്ങളുമാണ് നടപ്പാക്കുന്നത്. ഇരുമ്പുമറക്കുളളിലെ ഭരണമാണ് ഇരുവരുടേതുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജ്യത്ത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന കേരള പോലീസിന്റെ വിശ്വാസ്യതയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും ചേര്‍ന്ന് തകര്‍ത്തത്. പോലീസിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. പോലീസിലെ ഉന്നതതലത്തിലെ അഴിമതിയും ക്രമക്കേടും വെടിയുണ്ടകള്‍ കാണാതായതുമായ സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശവും മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. ആരോപണ വിധേയനായ ഡി.ജി.പിയെ വെള്ളപൂശി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനകരമാണ്. ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ഡി.ജി.പിക്കെതിരായ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത് ഉചിതമല്ല. നിഷ്പക്ഷമായ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കു എന്നും മുല്ലപ്പള്ളി പറഞ്ഞു.
ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി.ഡി.ജി.പിയുടെ ആജ്ഞാനുവര്‍ത്തിയായി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് കേരളത്തിന് അപമാനമാണ്. പോലീസ് നവീകരണ ഫണ്ടിലെ തിരിമറിയും സാധനസാമഗ്രികള്‍ വാങ്ങിയതിലെ ക്രമക്കേടുകളെ കുറിച്ചും സമഗ്ര അന്വേഷണം വേണം. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുള്ളപ്പോഴാണ് ആഡംബര കാറുകളും വില്ലകളും പണിയാന്‍ ഡി.ജി.പി പണം ധൂര്‍ത്തടിച്ചത്. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്ന സിംസ് പദ്ധതിയുടെ നടത്തിപ്പ് ഗാലക്സോണ്‍ എന്ന സ്വകാര്യ കമ്പനിയ്ക്ക് ഏല്‍പ്പിച്ചത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കമ്പനിക്കും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും എന്തെങ്കിലും അവിഹിതബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 30 ഓളം രാഷ്ട്രീയ കൊലപാതകങ്ങളും നിരവധി ലോക്കപ്പ് മരണങ്ങളും നടന്നു. ഇതിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും ആഭ്യന്തരവകുപ്പും സ്വീകരിച്ചത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. വാളയാറിലെ രണ്ടു ബാലികമാരുടെ മരണത്തിന് ഉത്തരവാദികാളയവരെ പിടികൂടാന്‍ പോലീസ് വൈമുഖ്യം കാട്ടി. യു.എ.പി.എ എന്ന കരിനിയമം ഉപയോഗിച്ച് രണ്ടും മുസ്ലിം യുവാക്കളെ ജയിലടച്ചു. രോഗികളും അവശരുമായിരുന്ന മാവോയിസ്റ്റുകളെ വ്യാജയേറ്റുമട്ടുലിലൂടെ വധിച്ചത് കേരളം കണ്ടതാണ്. ഇരയോടൊപ്പമല്ല വേട്ടക്കാരോട് ഒപ്പമാണ് പിണറായി വിജയന്റെ പോലീസെന്ന് ഓരോ ദിവസവും തെളിയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്തെ 499 പോലീസ് സ്റ്റേഷനിലേക്കും കെ.പി.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലേയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്കും നടക്കുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പോലീസ് സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാര്‍ച്ച് തികച്ചും സമാധാനപരമായിരിന്നു. പ്രവര്‍ത്തകര്‍ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്ക് പോകരുതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലീസ് സ്റ്റേഷന് മാര്‍ച്ച് വിജയമാക്കാന്‍ പ്രവര്‍ത്തിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിനന്ദിച്ചു.