പോലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് ; ദേശസുരക്ഷയെ ബാധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Tuesday, November 12, 2019

Mullapaplly-Ramachandran

കേരള പോലീസ് ഡാറ്റാ ബേസ് നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് ദേശസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള പോലീസിനെ സി.പി.എമ്മിന്‍റെ പോഷക സംഘടനയാക്കി മുഖ്യമന്ത്രിയും ഡി.ജി.പിയും മാറ്റുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ പറഞ്ഞു.

സംസ്ഥാന പോലീസിന്‍റെ ഡാറ്റാ ബേസ് നിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. ക്രൈം ക്രിമിനൽ ട്രാക്ക് റെക്കോർഡിന്‍റെ  രഹസ്യ സ്വഭാവത്തിന്‍റെ പ്രാധാന്യം ഡി.ജി.പി.ക്ക് ബോധ്യമുള്ളതാണ്. എന്നിട്ടും അത് സി.പി.എം നിയന്ത്രണത്തിലുളള സൊസൈറ്റിക്ക് കൈമാറി. കേരള പോലീസിനെ സി.പി.എമ്മിന്‍റെ പോഷക സംഘടനയാക്കി മുഖ്യമന്ത്രിയും ഡി.ജി.പിയും മാറ്റുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ദേശ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

കിഫ്ബിക്ക് എതിരെ മന്ത്രി ജി സുധാകരന്‍ തന്നെ വിമർശനവുമായി രംഗത്ത് എത്തിയത് ഇക്കാര്യത്തില്‍ പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നു. കിഫ്ബിയിലെ ഉദ്യോഗസ്ഥർ അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. കിഫ്ബി, പോലീസ് ഡാറ്റാബേസ് വിഷയങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഭ്യന്തര വകുപ്പിലെ  ക്രമക്കേടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.