കോടിയേരി ബാലകൃഷ്ണന്‍റേത് തരംതാണ രാഷ്ട്രീയമെന്ന് മുല്ലപ്പള്ളി

webdesk
Friday, February 15, 2019

കോടിയേരി ബാലകൃഷ്ണന്‍റേത് തരംതാണ രാഷ്ട്രീയമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാട്ടപ്പിരിവിന് പേരുകേട്ട പാർട്ടിയാണ് സിപിഎമ്മെന്നും ജനമഹാ യാത്രയുടെ വിജയം സിപിഎമ്മിനെ ചൊടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മറുപടി. കോടിയേരിയുടേത് തരം താണ രാഷ്ട്രീയമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, കോടികൾ ഉടനടി പിരിക്കുന്ന മാന്ത്രിക വിദ്യ എന്താണെന്ന് കോടിയേരി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അഭിമന്യൂവിന്‍റെ മരണത്തെ സിപിഎം ആഘോഷമാക്കി. ഇതിലൂടെ മൂന്ന് കോടിയോളം രൂപ പിരിച്ചെടുത്ത് പാർട്ടി ഫണ്ടിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെ കച്ചവട സംഘമായി സിപിഎം മാറ്റിയെന്നും കള്ള് ഷാപ്പിൽ കത്തികുത്തിൽ മരിക്കുന്നവർക്ക് പോലും സിപിഎം സ്മാരകങ്ങൾ പണിയുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം, കശ്മീരിലെ പുൽവാമയിൽ ചവേറാക്രമത്തിൽ അന്തരിച്ച ജവാന്മാർക്ക് കെപിസിസി പ്രസിഡന്‍റ് അനുശോചനം രേഖപ്പെടുത്തി.