പി.ജെ. ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സി.പി.എമ്മിന് എന്ത് അര്‍ഹത: മുല്ലപ്പള്ളി

Jaihind News Bureau
Sunday, September 8, 2019

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അര്‍ഹതയുള്ള നേതാക്കള്‍ ഇന്ന് സി.പി.എമ്മില്‍ വിരളമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ജെ.ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം സി.പി.എം സംസ്ഥാന സെക്രട്ടറിക്കില്ല. ബഹുമാന്യനും സത്യസന്ധനുമായ നേതാവായിട്ടാണ് പി.ജെ.ജോസഫിനെ കേരളീയ പൊതുസമൂഹം വിലയിരുത്തുന്നത്. ഒറ്റതിരിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള ഏത് ശ്രമവും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തും.

കേരള കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ചെറിയ അഭിപ്രായഭിന്നതകള്‍ ഊതിപ്പെരിപ്പിക്കാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സി.പി.എമ്മിന്‍റെ പാഴ്ശ്രമം കേരളീയ സമൂഹം തിരിച്ചറിയും. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ അത് സി.പി.എമ്മിന് ബോധ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഘടകകക്ഷികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന മുന്നണിയാണ് യു.ഡി.എഫ്. എല്‍.ഡി.എഫിനെപോലെ ഘടകകക്ഷികളെ മുന്നണിയില്‍ തളച്ചിടാനും അടിച്ചമര്‍ത്താനും യു.ഡി.എഫ് മെനക്കെടാറില്ല. ഇടതുമുന്നണിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കും എം.എല്‍.എക്കും എതിരെ മുഖ്യമന്ത്രിയുടെ പോലീസ് സ്വീകരിച്ച നടപടി കേരളം കണ്ടതാണ്. ആ സംഭവത്തെ ഒന്നു അപലപിക്കാന്‍ പോലും തയ്യാറാകാത്ത പാര്‍ട്ടി സെക്രട്ടറിയാണ് യു.ഡി.എഫ് നേതാക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ വരുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി കേരള സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വെല്ലുവിളിയായി തന്നെ പാലാ നിയോജക മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ സ്വീകരിച്ചു കഴിഞ്ഞു.സര്‍വ്വരംഗത്തും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ബാക്കിപത്രം ധിക്കാരവും ധാര്‍ഷ്ട്യവും അല്‍പ്പത്തവും മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഒരു ജനതയെ മുഴുവന്‍ വഞ്ചിച്ച സി.പി.എമ്മിനോടും മുഖ്യമന്ത്രിയോടും പാലായിലേയും തുടര്‍ന്ന് വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പുകളിലും ജനം എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

teevandi enkile ennodu para