സി.പി.എം മരണത്തിന്റെ വ്യാപാരികള്‍; പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം; കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, February 27, 2019

കൊല്ലം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഎം ആണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് കൊലപാതകത്തില്‍ കേരളാപോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം കൊല്ലത്തുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു
കേരളത്തില്‍ നടന്ന 30 രാഷ്ട്രീയ കൊലപാതകങ്ങളെയും കേരളസമൂഹം അപലപിക്കുന്നുണ്ടെന്നും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ആയുധം താഴെ വെയ്ക്കണമെന്ന് സര്‍ക്കാരിനോട് കെപിസിസി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി എമ്മിന് പരിശീലനം ലഭിച്ച കില്ലര്‍ സംഘങ്ങളുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി കരിങ്കല്‍ മനസിന്റെ ഉടമ. ആയുധം താഴെ വെയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. അക്രമം അവസാനിപ്പിക്കാന്‍ പിണറായിക്ക് താല്‍പര്യമില്ലെന്നതിന് തെളിവ്
സിപിഎം അക്രമത്തിന്റെ പാത വെടിയുന്നതു വരെ ധര്‍മസമരവുമായി കെപിസിസി മുന്നോട്ട് പോകും. പെരിയയിലെ ഇരട്ടകൊലപാതകം അതിക്രൂരവും പൈശാചികവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം ഒരു പ്രഹസനമായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിന് പിന്നില്‍ വന്‍ അഴിമതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ അദാനിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. പിണറായി മോദി കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൈമാറ്റം. കെ.എസ്.ഐ.ഡി.സി ടെണ്ടറില്‍ പങ്കെടുത്തത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.