ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, June 6, 2019

Mullappally-Palakkad

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ച് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ധൃതി പിടിച്ച് നടപ്പാക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും അദ്ധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത്. ഇത് വിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷ ഭരിതമാക്കും. സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കുകുയം ചെയ്യും.

വിദ്യാഭ്യാസ മേഖലയിലെ ചെറിയ പരിഷ്‌ക്കാരം പോലും സൂക്ഷമതയോടാണ് നടപ്പാക്കേണ്ടത്. സങ്കുചിതമായ രാഷ്ട്രീയ താത്പര്യം വച്ച് ചെയ്യേണ്ടതല്ല വിദ്യാഭ്യാസ പരിഷ്‌ക്കരണം. സി.പി.എമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാക്കളുടെ താത്പര്യ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം വിദ്യാര്‍ത്ഥികളോടും സമൂഹത്തോടും ചെയ്യുന്ന തെറ്റാണ്.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. രണ്ടാം ഭാഗം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഭരണപരമായ പരിഷ്‌ക്കാരങ്ങളാണ് ഒന്നാം ഭാഗത്തില്‍. ഗൗരവമേറിയ അക്കാദമിക് കാര്യങ്ങള്‍ രണ്ടാം പകുതിയിലാണ്. അത് പുറത്തു വരാതെ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതെങ്ങനെ? ഇത് നമ്മുടെ വിദ്യാഭ്യാസ മേഖലെയയും, വിദ്യാര്‍ത്ഥികളുടെ ഭാവിയെയും തകര്‍ക്കും. അധ്യാപകരുടെ പ്രമോഷനെയും അധികാരത്തെയും ഇതെല്ലാം ബാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.