കോടിയേരിക്കും പിണറായിക്കും എന്നും സംഘപരിപാറിനെ സഹായിക്കുന്ന നിലപാട്; കോടിയേരിക്ക് മറുപടി പറയാന്‍ മാന്യത അനുവദിക്കുന്നില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, March 27, 2019

കൊടിയേരി ബാലകൃഷ്ണന് മറുപടി പറയാൻ തന്‍റെ മാന്യത അനുവദിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയും പിണറായിയും സംഘപരിവാറിനോട് സ്വീകരിച്ച നിലപാട് ജനങ്ങൾക്കറിയാം.
കെ.ജി മാരാരെ വിജയിപ്പിക്കാൻ സി.പി.എം ശ്രമിച്ച ചരിത്രം വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

സംഘപരിവാറിനെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്നും സ്വീകരിച്ചിട്ടുള്ളത്. മലർന്നുകിടന്ന് തുപ്പുകയാണ് സി.പി.എം ഇപ്പോൾ ചെയ്യുന്നത്. എല്ലാക്കാലത്തും സംഘപരിവാർ വിരുദ്ധ നിലപാടാണ് താൻ സ്വീകരിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മതേതര തത്വങ്ങളിൽ വെള്ളം ചേർക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. സംഘപരിവാർ വോട്ട് കോൺഗ്രസിന് ആവശ്യമില്ലെന്നും സംവാദത്തിനുള്ള കൊടിയേരിയുടെ വെല്ലുവിളി സ്വീകരിച്ചതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് കെ.പി.സി.സിയുടെ സുചിന്തിതമായ അഭിപ്രായമാണ്. പ്രചരണത്തിന് സ്ഥാനാർത്ഥി പാട്ട് പാടുന്നതുകൊണ്ട് എന്താണ് തെറ്റെന്നും കമ്യൂണിസ്റ്റ് പാർട്ടി വളർന്നത് പാട്ടിലൂടെയും നാടകത്തിലൂടെയുമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെ ഈ ദുരവസ്ഥയിലെത്തിച്ചത് പിണറായിയും കോടിയേരിയുമാണ്. ഇതിനെതിരെ നല്ല കമ്യൂണിസ്റ്റുകാർ രംഗത്തുവരണം. ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഹിംസയുടെ രാഷ്ട്രീയമാണ് ഇവർ മുന്നോട്ട് കൊണ്ടു പോകുന്നത്. അക്രമ രാഷ്ട്രീയത്തിന്‍റെ പ്രതീകമായ പി ജയരാജനെ വടകരയില്‍ പരാജയപ്പെടുത്തും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി വിവേകശാലിയായ നേതാവാണ്. തെരഞ്ഞെടുപ്പിലെ ഇവരുടെ നിലപാട് ശ്രദ്ധേയമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾക്ക് കാരണം കോൺഗ്രസാണ്. ഇത് മോദിക്ക് അവകാശപ്പെട്ടതല്ല. പെരുമാറ്റച്ചട്ടം ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. മോദിക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.