ഭാഷാഭ്രാന്ത് അത്യന്തം അപകടകരം; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, September 15, 2019

Mullapaplly-Ramachandran

രാജ്യത്തെ ഭാഷാഭ്രാന്തിലേക്കു തള്ളിവിടാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെയും ബി.ജെ.പിയുടേയും നീക്കം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവരെയും ഹിന്ദി പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബിജെപി 1967 ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദിവിരുദ്ധ കലാപത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രഭാഷാ സ്‌നേഹവും ഒരു രാജ്യം ഒരു ഭാഷാ എന്ന ആശയവും ദേശീയ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും തുരങ്കംവെക്കുന്ന ഭ്രാന്തന്‍ നയമാണ്. നാളെ ഇത് ഒരു രാജ്യം ഒരു മതം എന്ന നിലയിലേക്ക് വളരും. പിന്നീടത് ഒരു രാജ്യം ഒരു പാര്‍ട്ടി എന്നാകാം. ഇതു ഫാസിസത്തിലേക്കുള്ള പോക്കാണ്. ഇത് ഇന്ത്യയെ ഭിന്നിപ്പിക്കും. വിഭജിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്‍റെ തനി ആവര്‍ത്തനമാണ് ഇപ്പോള്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. തീവ്രമായ മതഭ്രാന്ത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗത്തും വലിയ ദുരന്തങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. ഹിന്ദിയോടുള്ള അമിമതാവേശം രാജ്യത്ത് ആപത്തുവിതക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് ഒരു ഭാഷയ്ക്കും എതിരല്ല. ഭാഷയെ സ്‌നേഹിക്കുന്നതും കൂടുതല്‍ ഭാഷ പഠിക്കുന്നതും സാംസ്‌കാരിക വളര്‍ച്ചയുടെ അടയാളങ്ങളാണ്. എന്നാല്‍ ഏതെങ്കിലും ഭാഷ അടിച്ചേല്‍പിക്കുന്നതിനോടു യോജിക്കുകയുമില്ല. രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു നടപ്പാക്കിയ ത്രിഭാഷാ പദ്ധതിയാണ് രാജ്യത്തിന് ഏറ്റവും അഭികാമ്യം. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് ഏകശിലാ രീതിയിലുള്ള നയങ്ങളും പരിപാടികളും നിലനില്‍ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വലിയ സാമ്പത്തിക തകര്‍ച്ചയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ അത് പരിഹരിക്കുന്നതിനു പറ്റിയ പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിനു പകരം ജനശ്രദ്ധ തിരിച്ചുവിടാനുള്ള തീക്കളിയാണിതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.