രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷമുള്ള ധനസ്ഥതിയെ പറ്റി കേന്ദ്രസർക്കാർ ധവളപത്രം ഇറക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, November 13, 2019

നോട്ട് നിരോധിച്ചതിന് ശേഷമുള്ള രാജ്യത്തെ ധനസ്ഥതിയെ പറ്റി കേന്ദ്രസർക്കാർ ധവളപത്രം ഇറക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ടാക്‌സ് ടെററിസമാണ് രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും കെ പി സി സി പ്രസിഡന്‍റ് കണ്ണൂരിൽ പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ ദേശവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭസമരത്തിന്‍റെ ഭാഗമായി കണ്ണൂർ ഡി സി സി കണ്ണൂർ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. വീണ്ടുവിചാരമില്ലാതെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയാകെ സ്തംഭിച്ചിരിക്കുന്നു. ഇതിന്‍റെ പ്രതിഫലനമായി ചെറുകിട വ്യാപാരമേഖലയുൾപ്പെടെ തകർന്ന് തരിപ്പണമായി. ലക്ഷ്യബോധമില്ലാത്ത പ്രധാനമന്ത്രിയും ധനമന്ത്രിയുമാണ് രാജ്യത്തെ ഈ ഒരു സ്ഥിതിവിശേഷമുണ്ടാക്കിയത്. രാജ്യത്ത് ടാക്‌സ് ടെററിസമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാർ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നത്. ചെറുകിട വ്യവസായ സ്ഥാപനങ്ങളും കാർഷിക മേഖലയും തകർന്നു തരിപ്പണമായി തൊഴിലില്ലാതെ തൊഴിലാളികൾ ബുദ്ധിമുട്ടുന്നതിനിടയിൽ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നു. ജീവിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് രാജ്യത്തെ ജനങ്ങൾക്കുള്ളതെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു

ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി അധ്യക്ഷനായ ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സജീവ് ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി. മുസ്തഫ  തുടങ്ങിയവർ സംസാരിച്ചു.

https://youtu.be/oByFQxeFoW0