സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിക്കുന്നത് പ്രതിഷേധാര്‍ഹം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, April 2, 2020

തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിയന്ത്രിക്കേണ്ടിവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുത്തഴിഞ്ഞ സാമ്പത്തിക സംവിധാനവും ധനകാര്യരംഗത്തെ കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മന്ത്രിമാരുമാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ അനാവശ്യചെലുകളാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ആര്‍ഭാടത്തിനും ധൂര്‍ത്തിനും മന്ത്രിമാര്‍ തമ്മില്‍ മത്സരമായിരുന്നു.അതു ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായതുമില്ല.

കൊവിഡിന്‍റെ ഭീക്ഷണി നിറഞ്ഞു നില്‍ക്കുന്ന ഘട്ടത്തില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ ഒന്നര കോടിരൂപയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ഇന്ത്യാരാജ്യത്ത് ഇന്നുവരെ ഒരു ഭരണാധികാരിക്കും നല്‍കാത്ത സുരക്ഷയാണ് കേരള മുഖ്യമന്ത്രിക്ക് നല്‍കുന്നത്. ഇതിന് തന്നെ നല്ലൊരു തുക പാഴാക്കേണ്ടിവരും. ഇതിനുപുറമെയാണ് ഇഷ്ടക്കാരെ തിരുകികയറ്റാന്‍ കോടികള്‍ പൊടിച്ചത്.

മുഖ്യമന്ത്രിക്ക് എട്ട് ഉപദേശകര്‍, മന്ത്രിമാര്‍ക്കു പുറമെ നാലു കാബിനറ്റ് പദവി, സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍, ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്‌ക്കാര കമ്മീഷന്‍ എന്നിവയ്ക്കായി ഓരോ മാസവും ഖജനാവില്‍ നിന്നും പൊടിക്കുന്നത് കോടികളാണ്. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വേണ്ടി കേരളത്തിന് അകത്തും പുറത്തും ശതകോടികളാണ് പരസ്യങ്ങള്‍ക്കും മറ്റുമായി ചെലവാക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുന്നതിനോ കിട്ടാനുള്ള നികുതി പിരിച്ചെടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. നികുതി കുടിശ്ശിക 30000 കോടിക്കും വാറ്റ് കുടിശ്ശിക 13000 കോടിക്കും മുകളിലുണ്ട്. പിണറായി സര്‍ക്കാര്‍ കടം എടുത്ത് ധൂര്‍ത്ത് നടത്തുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒന്നരം ലക്ഷം കോടി രൂപയായിരുന്നു കേരളത്തിന്റെ കടബാധ്യതയെങ്കില്‍ നാലുവര്‍ഷം കൊണ്ട് ഇടതുസര്‍ക്കാര്‍ മൂന്നര ലക്ഷം കോടിയിലെത്തിച്ചു.

ലക്കും ലഗാനുമില്ലാത്ത നടപടികള്‍ കൊണ്ട് സാമ്പത്തിക പ്രതിസന്ധിവരുത്തിവച്ചതിന് ശേഷം പ്രതിസന്ധിഘട്ടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജീവനക്കാരെ ഞെക്കിപിഴിയുന്ന നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമ്മതമില്ലാതെ അവരുടെ ശമ്പളം നിയന്ത്രിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേ മതിയാകൂയെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.