ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കാന്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടാകണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, August 8, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കാന്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടാകണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ്‌ മഹാമാരി മറന്നുകൊണ്ട് ഇടുക്കിയിലും കോഴിക്കോടും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന നല്ലവരായ സഹോദരങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും അടിയന്തര സഹായം എത്തിക്കാൻ വേണ്ട നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ദുരന്തങ്ങളുടെ ഒരു ദിനമാണ് കടന്ന് പോകുന്നത്. കാലത്ത് മൂന്നാറിലെ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലും അകപ്പെട്ട് മരിച്ച സഹോദരങ്ങൾക്ക് കെപിസിസിയിൽ ആദരം അർപ്പിച്ചു മടങ്ങിയ ശേഷമാണ് ഇന്ന് വൈകിട്ട് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അതിദാരുണമായ ദുരന്തം അറിഞ്ഞത്. കോവിഡ്‌ മഹാമാരി മറന്നുകൊണ്ട് ഇടുക്കിയിലും കോഴിക്കോടും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന നല്ലവരായ സഹോദരങ്ങളെ ഞാൻ പ്രതേകമായി അഭിനന്ദിക്കുന്നു. ഉദാത്തമായ മാതൃകയാണ് ഇത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും അടിയന്തര സഹായം എത്തിക്കാൻ വേണ്ട നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. മഴ കനത്ത് പെയ്യുന്ന സാഹചര്യത്തിൽ ദുരന്തത്തിൽ അകപ്പെട്ട നിസ്സഹായരെ സഹായിക്കാൻ പരമാവധി കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ മുൻപന്തിയിൽ ഉണ്ടാകണം.