ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, June 1, 2020

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസ് ലഭിച്ചില്ലെന്നും ഇത് സര്‍ക്കാരിന്‍റെ കുറ്റകരമായ വീഴ്ചയാണെന്നും കെ.പിസി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്ന് കേരള സര്‍ക്കാര്‍ നടത്തിയ ‘സമഗ്ര ശിക്ഷ കേരള’ സര്‍വെയിലൂടെ വ്യക്തമാണ്. സ്മാര്‍ട്ട് ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാരായ രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ക്കായി തുക ചെലവാക്കുന്നത് അധിക സാമ്പത്തിക ബാധ്യതയായി കാണരുത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എത്ര തുക ചെലവാക്കുന്നതും മുതല്‍ക്കൂട്ട് തന്നെയാണ്.

തീരദേശ, ആദിവാസി, മലയോര മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമായില്ലെന്ന് പരക്കെ പരാതിയുണ്ട്. ഇത് കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ വിദ്യാഭ്യാസ അവകാശ നിഷേധമാണ്. സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം പഠനം ആരംഭിക്കുന്നതായിരുന്നു ഉചിതം.

പാവങ്ങളുടെ പരിമതികള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പതിവുപോല ഒരു പരാജയമാണ്. വിദ്യാഭ്യാസത്തിലൂടെ തുല്യതയെന്ന സങ്കല്‍പ്പമാണ് തകരുന്നത്. കനത്ത മഴ മൂലം വൈദ്യുതിബന്ധം തകരാറിലായി വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും ക്ലാസുകള്‍ നഷ്ടമായെന്നും ആക്ഷേപമുണ്ട്. ഇക്കൊല്ലം കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

വിക്ടേഴ്‌സ് ചാനലിന് എല്ലാ ഡി.റ്റി.എച്ച് പ്ലാറ്റ്‌ഫോമിലും ലഭ്യത ഉറപ്പുവരുത്തുന്നതിലും വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം. വിക്ടേഴ്‌സ് ചാനലിന്‍റെ സാധ്യതകളെ തിരിച്ചറിഞ്ഞതും സഹായിച്ചതും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരാണ്. വിദ്യാര്‍ത്ഥികളുടെ പഠനം അപകടത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.