എസ്.എഫ്.ഐക്കാരുടെ വീട് സമാന്തര പി.എസ്.സി, യൂണിവേഴ്സിറ്റി ഓഫീസായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുസംബസിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ക്രിമിനൽ പശ്ചാത്തലം അദ്ദേഹത്തെ വേട്ടയാടുകയാണ്. അതിൽനിന്ന് പുറത്തുവന്നാല്‍ മാത്രമേ അക്രമങ്ങളെ തള്ളിപ്പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കൂ. ആന്തൂരിലെ സാജന്‍റെ കുടുംബത്തിന് കെ.പി.സി.സി സംരക്ഷണം നൽകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ക്രിമിനൽ കേസിലെ പ്രതി പോലീസ് റാങ്ക് പട്ടികയിൽ ഒന്നാമതായത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. പി.എസ്.സിയെയും മറ്റും നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്‍റെ വീട് സമാന്തര പി.എസ്.സി, യൂണിവേഴ്സിറ്റി ഓഫീസായി മാറി. ഇക്കാര്യത്തിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യയെയും കുടുംബത്തെയും സി.പി.എം സ്വഭാവഹത്യ നടത്തുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി ഒറ്റക്കെട്ടായി അവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.
https://www.youtube.com/watch?v=ZaTZXETgkWk