ഗവർണര്‍ രാഷ്ട്രീയം പറയരുതെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കാത്തതെന്ത് ? സി.പി.എമ്മിന്‍റേത് വഴിപാട് സമരമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ സി.പി.എം നടത്തുന്ന സമരങ്ങൾ വഴിപാട് മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിക്ക് വേണ്ടി പി.ആർ വർക്ക് നടത്തുന്ന ഗവർണർ,  രാഷ്ട്രീയം പറയരുത് എന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി  കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വ നിയമത്തിൽ കോണ്‍ഗ്രസ് ഒളിച്ചു കളിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കെ.പി.സി.സി അധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു. ഒളിച്ചുകളി തനിക്കോ കോണ്‍ഗ്രസിനോ അറിയില്ല.  യഥാർഥ ഫാസിസ്റ്റ് ആരെന്ന് അറിയാൻ മുഖ്യമന്ത്രി കണ്ണാടിയിൽ നോക്കിയാൽ മതിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അലനും താഹയ്ക്കും എതിരെ യു.എ.പി.എ ചുമത്തിയവരാണ് ഫാസിസ്റ്റ് വിരുദ്ധ നിലപാടും ന്യൂനപക്ഷ സ്നേഹവും പറയുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ബി.ജെ.പിക്ക് വേണ്ടി പി.ആർ വർക്ക് ചെയ്യുന്ന ഗവർണർ, രാഷ്ട്രീയം പറയരുത് എന്ന് പറയാൻ മുഖ്യമന്ത്രി എന്തുകൊണ്ട് ആർജവം കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം ജില്ലാ ബാങ്ക് പിരിച്ചു വിടുന്നതിലൂടെ സഹകരണ മേഖലയുടെ അന്ത്യകൂദാശ നടത്തിയ ആളെന്ന ഖ്യാതി പിണറായിക്ക് ലഭിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

pinarayi vijayanmullappally ramachandranCAA
Comments (0)
Add Comment