കൊവിഡ് പ്രതിരോധത്തിലെ അലംഭാവം; മുഖ്യമന്ത്രിയുടെ കുറ്റസമ്മതം തൻപ്രമാണിത്തം കൊണ്ട്: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Monday, August 3, 2020

കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിയ്ക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് മഹാമാരിയെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമാക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ പൊതുവെ വെല്ലുവിളികള്‍ കുറഞ്ഞ സാഹചര്യമായിരുന്നു കേരളത്തില്‍. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് രോഗനിയന്ത്രണം സര്‍ക്കാരിന്‍റെ മികവെന്ന പട്ടം നേടിയെടുക്കാനുള്ള നെട്ടോട്ടമാണ് മുഖ്യമന്ത്രി നടത്തിയത്. അതിനായി പി.ആര്‍.ഏജന്‍സികളെ കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിച്ച് വാര്‍ത്ത നല്‍കി. ഒടുവില്‍ തട്ടിപ്പ് മനസിലാക്കിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൊള്ളത്തരം ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കൊവിഡ് രോഗപരിശോധനയുടെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലാണ്. കൊവിഡ് വ്യാപന തോത് മനസിലാക്കാന്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് ടെസ്റ്റ് നടത്തണമെങ്കില്‍ മരണപ്പെടണമെന്ന സാഹചര്യമാണ്. കൊവിഡ് മരണക്കണക്കിലും സര്‍ക്കാര്‍ തട്ടിപ്പ് നടത്തുകയാണ്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാ മരണങ്ങളും കൊവിഡ് മരണപ്പട്ടിക്കയില്‍ പെടുത്തില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലെ സംസ്ഥാനത്ത് പാളിയിരുന്നു. മതിയായ ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. പ്രവാസി വിഷയത്തിലും സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് നടത്തിയത്. പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും കേരളത്തിലേക്കുള്ള മടങ്ങിവരവ് എങ്ങനെയും തടയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം വ്യാപിക്കുകയാണ്. കൊവിഡ് പ്രതിരോധ സാമഗ്രികളുടെ പോരായ്മയാണ് ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം വ്യാപിക്കാന്‍ കാരണം. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കുന്നതിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.