കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തില്‍ ഹിന്ദു വികാരം മനസിലാക്കിയാണ് പൗരത്വ ബില്ലിനെതിരെ പിണറായി വിജയൻ പ്രസ്താവന നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്‍റലിജൻസിനെ ഉപയോഗിച്ച് ഇക്കാര്യം അന്വേഷിപ്പിച്ച് ഉറപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി മുന്നോട്ട് പോയത്. വോട്ട് ബാങ്ക് രാഷട്രീയമാണ് സി.പി.എമ്മിന്‍റേതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിൽ സി.പി.എമ്മിന്‍റെ നിലപാടിനെ ശക്‌തമായി വിമർശിച്ചു കൊണ്ടാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിച്ചത്. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിൽ എല്ലായിടത്തും കോൺഗ്രസ് തന്നെയാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സി.പി.എമ്മിന്‍റെ മനുഷ്യ മഹാ ശൃംഖല അർത്ഥശൂന്യമാണ്. പണം ഉണ്ടെങ്കില്‍ എത്ര വലിയ ശൃംഖല വേണമെങ്കിലും സൃഷ്ടിക്കാവുന്നതേയുള്ളൂ. പൗരത്വ വിഷയത്തിൽ ഹിന്ദുക്കളുടെ വികാരം എന്താണെന്ന് അറിയാൻ മുഖ്യമന്ത്രി കാത്തുനിൽക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട അലൻ – താഹ കേസ് എൻ.ഐ.എക്ക് കൈമാറിയത് യാദൃശ്ചികമായ സംഭവമല്ല. അലനും താഹയും ചെയ്ത തെറ്റെന്താണ് സർക്കാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സിയില്‍ 71-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.
https://www.facebook.com/JaihindNewsChannel/videos/471531207056153/