ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ജാഥ നടത്തുന്നതെന്തിന്? – മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇടതുമുന്നണിയുടെ കേരള സംരക്ഷണ ജാഥ പ്രഹസനം മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തെ ജനങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും ഇടത് മുന്നണിയിലുള്ള പ്രതീക്ഷ ജനങ്ങൾക്ക് നഷ്ടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടതുമുന്നണി അധികാരത്തിലെത്തി 1000 ദിവസം പിന്നിട്ടിട്ടും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ എന്തിന് ജാഥ നടത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ ചോദിച്ചു. കേരള സംരക്ഷണ ജാഥയുടെ അർഥമെന്തെന്ന് ഇടത് മുന്നണി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷ നിരന്തരം ഉയർത്തിക്കാട്ടുന്ന പിണറായി സർക്കാർ നിരന്തരം സ്ത്രീകളെ ദ്രോഹിക്കുകയാണ്. എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ അമാന്തം കാട്ടുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മാധ്യമ നിയന്ത്രണം നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളോട് മുഖ്യമന്ത്രിക്ക് അനാദരവാണെന്നും നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരിയിൽ ഷൂക്കൂറിന്‍റെ വധവുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

mullappally ramachandran#Janamahayatra
Comments (0)
Add Comment