വ്യാജഏറ്റുമുട്ടല്‍ കൊല കടുത്ത മനുഷ്യാവകാശ ലംഘനം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, October 29, 2019

വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊന്നൊടുക്കിയത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്.

പണ്ട് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്നു ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്. ഇതു കാടത്തത്തിലേക്കുള്ള മടക്കമാണ്. സിപിഐ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കാതെ ശക്തമായി രംഗത്തുവരണം. പിണറായിയോടുള്ള ഭക്തിയും പേടിയും ഇക്കാര്യത്തിലെങ്കിലും സിപിഐ മാറ്റിവയ്ക്കണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ 2016 നവംബറിലാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ കുപ്പുദേവരാജിനെയും കാവേരി എ അജിതയെയും ഏറ്റുട്ടലിലൂടെ കൊന്നത്. 2019 മാര്‍ച്ചില്‍ ലക്കിടിയില്‍ വച്ച് സിപി ജലീലിനെ കൊന്നു. അഗളിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കു ഏറ്റുമുട്ടലില്‍ നാലുപേരെയാണു കൊന്നത്. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹം ചെയ്യേണ്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

1948ല്‍ കല്‍ക്കട്ട തീസിസിന്‍റെ അടിസ്ഥാനത്തില്‍ നെഹ്രു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗറില്ലാ സമരം നടത്തിയ ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ ഇറങ്ങിയിരിക്കുന്നു എന്ന മട്ടിലാണ് അവരെ ഇപ്പോള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെ് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.