ശബരിമല വിഷയം; മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ജനങ്ങളെ കബളിപ്പിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

ശബരിമല വിഷയത്തില്‍ വിശ്വാസികളോടുള്ള സമീപനത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാട് സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സി.പി.എമ്മില്‍ നിലനില്‍ക്കുന്ന ആശയപ്രതിസന്ധിയുടെ പ്രതിഫലനമാണ്.
കേരളീയ പൊതുസമൂഹത്തെ ഇനിയും കബളിപ്പിക്കാതെ വസ്തുതകള്‍ തുറന്ന് പറയാന്‍ സി.പി.എം തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സി.പി.എം നേരിടുന്നത് ഭീകരമായ ആശയപ്രതിസന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പൂര്‍ണ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

വ്യവസായികള്‍ക്കും സമ്പന്നന്‍മാര്‍ക്കും പ്രശ്‌നം ഉണ്ടാകുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിക്ക് കൂടുതല്‍ വേദനയുണ്ടാകുന്നത്. നിസാരകുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഗള്‍ഫ് നാടുകളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസിമലയാളികളുടേയും വിധിയെ പഴിച്ച് ലേബര്‍ക്യാമ്പുകളില്‍ ആടുജീവിതം നയിക്കുന്ന ആയിരക്കണക്കിന് മലയാളി തൊഴിലാളികളുടേയും ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കേരളം സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ ലോകം മുഴുവനും ഓടി നടക്കുന്ന മുഖ്യമന്ത്രി പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന പ്രവാസികളുടെ പണം ഉപയോഗിച്ച് ആര്‍ഭാടവും ധൂര്‍ത്തും നടത്തുന്നു. ഇത് കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടാനും വിലകൂടിയ വാഹനങ്ങള്‍ വാങ്ങാനും വഴിവിട്ട നിയമനങ്ങളിലൂടെ ഇഷ്ടക്കാരെ അധികാര കേന്ദ്രങ്ങളില്‍ തിരുകികയറ്റാനും ഖജനാവില്‍ നിന്നും കോടികളാണ് പൊടിക്കുന്നത്. കൂടാതെ സി.പി.എം കട്ടുമുടിച്ച റബ്‌കോ പോലുള്ള സ്ഥാപനങ്ങളുടെ കടബാധ്യത ഏറ്റെടുക്കുന്നത്  നികുതി ദായകന്‍റെ പണം കൊണ്ടാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടികളുടെ പേരില്‍ പൊടിക്കുന്നതും കോടികളാണ്. പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് കേരള മുഖ്യമന്ത്രിക്കുള്ളത്. സ്വന്തം ഗ്രാമമായ പിണറായില്‍പ്പോലും മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ 22 വാഹനങ്ങളുടെ അകമ്പടി വേണമെന്നത് പരിഹാസ്യമാണ്. സുരക്ഷാ വലയത്തില്‍ സഞ്ചരിക്കുന്ന ഭീരുവായി മുഖ്യമന്ത്രിമാറി. ഇനിയൊരിക്കലും കേരളത്തില്‍ തിരിച്ചുവരാന്‍ സാധിക്കാത്തവിധം ഇത്തരം നടപടികളിലൂടെ മുഖ്യമന്ത്രി സി.പി.എമ്മിനെ ഓരോദിവസവും  ദയാവധത്തിന് വിധേയമാക്കുകയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

cpmmullappally ramachandranSabarimala Issue
Comments (0)
Add Comment