കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രി: മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുംമുമ്പേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സി.ബി.ഐ അന്വേഷിക്കുന്ന ലാവലിന്‍ കേസ് ഉപയോഗിച്ചാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പിണറായിയെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത്. മുഖ്യമന്ത്രി അധികാരമേറ്റനാള്‍ തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമിത് ഷായ്ക്ക് വേണ്ടി പ്രത്യേകമായി തുറന്നു കൊടുത്തത്. യുദ്ധം പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഇങ്ങനെ ചെയ്യാറുള്ളത്. നിലവില്‍ എന്ത് സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അമിത് ഷാ കണ്ണൂരില്‍ വന്ന് ഇടതുസര്‍ക്കാരിനെതിരേ ഭീഷണിയും വെല്ലുവിളിയും മുഴക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ബി.ജെ.പിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല.

https://www.youtube.com/watch?v=ECdR8V5MezI

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇഴയുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളം തുറക്കാന്‍ ഇത്രയും വൈകിയതിന് ഇടതു സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരും. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പേരില്‍ ഇടതുസര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

amit shahmullappally ramachandrankannur airport
Comments (0)
Add Comment