ഇന്ധനവില വർധന : കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, May 9, 2021

തിരുവനന്തപുരം : തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി. കൊവിഡ് വ്യാപനം രൂക്ഷമാവുകയും മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക് പോകുകയും ചെയ്യുമ്പോഴാണ് എണ്ണ കമ്പനികളുടെ കൊള്ളയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ നല്‍കുന്നത്. ഇന്ധനവില വര്‍ധനവിലൂടെ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

കുതിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് വഴിവെക്കും. ജനം ദുരിതമനുഭിക്കുമ്പോള്‍ ഇന്ധനവിലയിലെ നികുതി കുറച്ച് ആശ്വാസം നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.