സിപിഎമ്മിന്‍റേത് നട്ടെല്ലില്ലാത്ത നേതൃത്വം ; എ.കെ.ജി സെന്‍ററിനെ പി.എസ്.സി ആസ്ഥാനമാക്കാന്‍ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, February 10, 2021

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് നേര്‍ക്ക് സര്‍ക്കാര്‍ കണ്ണടക്കയ്ക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൃദയമുള്ള ആര്‍ക്കും സമരത്തോട് അനുഭാവം പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായി

പിണറായി സര്‍ക്കാര്‍ പി.എസ്.സിയെ അസ്ഥിരപ്പെടുത്തി. എ.കെ.ജി സെന്ററിനെ പി.എസ്.സി ആസ്ഥാനമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎമ്മിന്‍റേത് നട്ടെല്ലില്ലാത്ത നേതൃത്വമാണെന്നും അദ്ദേഹം വിമർശിച്ചു. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ വികാരം ഉൾകൊള്ളുന്നു. യുഡിഎഫ് സർക്കാർ വന്നാല്‍ അനധികൃത നിയമനങ്ങള്‍ റദ്ദാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ ഉറപ്പ് നല്‍കി.

ഉദ്യോഗാർത്ഥികള്‍ക്കിടയില്‍ കലാപകാരികള്‍ നുഴഞ്ഞുകയറിയെന്നാണ് ഇന്‍റലിജന്‍സ് പറയുന്നത്.  ഇന്‍റലിജന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നും ദുരഭിമാനം വെടിഞ്ഞ് ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.