വിജിലന്‍സ്‌ അന്വേഷണം സി.ബി.ഐക്ക്‌ തടയിടാന്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, October 8, 2020

സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണോ വിജിലന്‍സ്‌ അന്വേഷണം ത്വരിതഗതിയിലാക്കിയതെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.ബി.ഐ ഈ കേസ്‌ അന്വേഷിച്ചാല്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമെന്ന്‌ മുഖ്യമന്ത്രി ഭയപ്പെടുന്നു. ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ സ്വപ്‌നയും സംഘവും മൂന്നര കോടിയില്‍ അധികം തുക കമ്മീഷനായി കൈപ്പറ്റിയെന്നും കള്ളപ്പണക്കാരുടെ സഹായത്തോടെ പണം സ്വീകരിച്ചു എന്നുമുള്ള സി.ബി.ഐയുടെ ഹൈക്കോടതിയിലെ വെളിപ്പെടുത്തല്‍ ഗുരുതര സ്വഭാവമുള്ളതാണ്‌. കമ്മീഷന്‍ ഇടപാട്‌ സ്ഥീരികരിച്ചത്‌ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ധനമന്ത്രിയുമാണ്‌.

സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ കേരള സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിറക്കിയത്‌. കൂടാതെ ലൈഫ്‌ മിഷന്‍ ഇടപാടിലെ സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും അസമയത്തെത്തി വിജിലന്‍സ്‌ കടത്തിക്കൊണ്ടു പോകുകയും ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ വിജിലന്‍സ്‌ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ തെളിവുകള്‍ നശിപ്പിക്കാനും കേസ്‌ തേച്ചുമാച്ചു കളയാനുമുള്ള അന്വേഷണമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന്‌ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാം.

ഫ്‌ളാറ്റുകളുടെ എണ്ണം കുറച്ചത്‌ കമ്മീഷന്‍ തട്ടാനാണെന്നും വന്‍ ഗുഢാലോചനയാണ്‌ സംഘം നടത്തിയതെന്നുമാണ്‌ സി.ബി.ഐ പറയുന്നത്‌. ഈ ഇടപാടുമായി ബന്ധപ്പെട്ട്‌ തുടക്കം മുതല്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്‌. ഉന്നതര്‍ ഇടപെട്ട അഴിമതിക്കേസാണിത്‌. മന്ത്രിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നേരിട്ട്‌ പങ്കുള്ള ഈ ഇടപാട്‌ എങ്ങനെയും അട്ടിമറിക്കാനാണ്‌ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന്‌ എതിര്‌ നില്‍ക്കുന്നത്‌.

ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ നിന്നും കണ്‍സള്‍ട്ടന്‍സി ആയിരുന്ന ഹാബിറ്റാറ്റിന്‍റെ പിന്‍മാറ്റം സംബന്ധിച്ചും ദുരൂഹതയുണ്ട്‌. ഹാബിറ്റാറ്റ്‌ ചെയര്‍മാന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ അവരെ മനഃപൂര്‍വ്വം ഒഴിവാക്കിയതായാണ്‌ വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.