മുഖ്യമന്ത്രിക്ക് രവീന്ദ്രനെയും തള്ളിപ്പറയേണ്ടിവരും : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, November 6, 2020

 

തിരുവനന്തപുരം:  അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ച തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സി.എം രവീന്ദ്രനെ ന്യായീകരിച്ച മുഖ്യമന്ത്രി തന്നെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ തള്ളി പറയുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.  കേരളത്തിലെ മാവോയിസ്റ്റ് ആക്രമണം കേന്ദ്ര ഫണ്ട് ലക്ഷ്യമാക്കിയെന്ന സി.പി.ഐ വിമർശനത്തിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.  ഇന്ദിരാ ഭവനിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മുമ്പ് ഇ.ഡിയുടെ അറസ്റ്റിലായ എം.ശിവശങ്കറിനെ ന്യായീകരിച്ചതിന് സമാനമായാണ് സി.എം രവീന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. രവീന്ദ്രൻ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിനീത വിധേയനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അദ്ദേഹമറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒന്നും നടക്കില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുന്നോട്ട് പോയാൽ രവീന്ദ്രന്‍റെ യഥാർത്ഥ ചിത്രം പുറത്തു വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മന്ത്രി ജലീൽ ആദർശധീരനെങ്കിൽ അന്വേഷണത്തിന് എൻ.ഐ.എയെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്‍റെ ധാർമ്മിക മുഖം മുഖ്യമന്ത്രി പൂർണ്ണമായും നഷ്ടപ്പെടുത്തി. യു.ഡി.എഫ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ധാർമ്മിക ബോധം എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

സി.പി.എമ്മിന്‍റെ അഖിലേന്ത്യ നിലപാടാണോ വ്യാജ ഏറ്റുമുട്ടലിലൂടെയുള്ള മാവോയിസ്റ്റ് വേട്ട എന്ന് മുഖ്യമന്ത്രി പറയണം. മാവോയിസ്റ്റുകൾക്കെതിരായ  മനുഷ്യാവകാശ ധ്വംസനം നടക്കുമ്പോൾ മനുഷ്യാവകാശ പ്രവർത്തകർ എവിടെ ഒളിച്ചെന്നും മുല്ലപ്പള്ളി ആരാഞ്ഞു. കേരളത്തിലെ വിജിലൻസ്  രാഷ്ട്രീയ യജൻ മാൻമാരുടെ ഉത്തരവ് കാത്തിരിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരായി മാറിയെന്നും സി.പി.എമ്മിന്‍റെ പോഷക ഘടകമായി പ്രവർത്തിക്കേണ്ട സ്ഥാപനമല്ല ബാലാവകാശ കമ്മീഷനെന്നും അദ്ദേഹം വ്യക്തമാക്കി.