മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പെട്ടിമുടി സന്ദർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, August 14, 2020

 

ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായ പെട്ടിമുടിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശനം നടത്തി. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യജീവന് എല്ലാ സ്ഥലത്തും ഒരു വിലയാണുള്ളത്. സർക്കാർ അത് മനസ്സിലാക്കണം. അത്യന്തം ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ജീവിക്കുന്നവരാണ് പെട്ടിമുടിയിൽ മരണപ്പെട്ടവരെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെട്ടവരുടെ ബന്ധുക്കളുമായും കെപിസിസി അധ്യക്ഷന്‍ സംസാരിച്ചു. ഡി.സി.സി.പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ , എ.കെ.മണി, റോയ്.കെ.പൗലോസ്‌, ഇ.എം അഗസ്തി തുടങ്ങിയവരോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ സന്ദർശനം. ഹൈറേഞ്ച് ഹോസ്പിറ്റലിൽ കഴിയുന്ന പരിക്കേറ്റവരെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദർശിച്ചു. അതേസമയം പെട്ടിമുടിയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ എട്ടാം ദിനവും തുടരുന്നു. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ മരണ സംഖ്യ 56 ആയി.