വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആഘോഷമാക്കിയ സിപിഎം മാപ്പുപറയണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, February 22, 2021

 

തിരുവനന്തപുരം :  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട സിപിഎം ഈ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് താന്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയതാണ്. അത് ശരിവയ്ക്കുന്നതാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട്. കൊലനടത്താന്‍ എത്തിയവരാണ് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളതെന്നും മാധ്യമ വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു. അക്രമത്തെ ഉപാസിക്കുന്ന സിപിഎം നേതാക്കളാണ് ഈ കൊലപാതകത്തിന് രാഷ്ട്രീയമാനം നല്‍കിയത്.സിപിഎം ഗുണ്ടകള്‍ വിവിധ ജില്ലകളിലായി അന്ന് 150 ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകളാണ് തല്ലിത്തകര്‍ത്തത്. കൊലക്കുറ്റം കോണ്‍ഗ്രസിന്റെ തലയില്‍ക്കെട്ടിവെച്ച് കേരളത്തിലുടെനീളം ആയിരക്കണക്കിന് ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സിപിഎം സ്ഥാപിച്ചത്.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിപിഎം ആഘോഷമാക്കി മാറ്റുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പോലീസ് റൂറല്‍ എസ്പി കേസ് അന്വേഷണ ചുമതലയെറ്റെടുത്തതോടെ സിപിഎം ഈ കേസിന് രാഷ്ട്രീയമാനം നല്‍കുകയായിരുന്നു.സി ബി ഐ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതും ഇത് രാഷ്ട്രീയ കൊലപാതമല്ലെന്ന ബോധ്യം സിപിഎമ്മിന് ഉണ്ടായിരുന്നതിനാലാണ്.രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും അവരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി ധനസമാഹരണം നടത്തുന്നതും സിപിഎം ശൈലിയാണ്.കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേയ്ക്കും വ്യാപിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.