ഫൈസറുമായി സ്പ്രിങ്ക്‌ളറിന് അടുത്തബന്ധം; സിബിഐ അന്വേഷണം വേണമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, April 20, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം:  സ്പ്രിങ്ക്ളര്‍ ഡാറ്റ ഇടപാടില്‍ ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച ചങ്ങാത്ത മുതലാളിത്വത്തിന്‍റെ വക്താവായ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ കവചം തീര്‍ത്ത് പ്രതിരോധിക്കാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ നിലപാട് ആത്മഹത്യാപരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സി.പി.എം ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ള ഡാറ്റ ചോര്‍ച്ചയും സരംക്ഷണവും സംബന്ധിച്ചുള്ള നിലപാടുകളെ തള്ളിയാണ് മുഖ്യമന്ത്രി കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാട് സ്വീകരിച്ചത്. ഡാറ്റ ചൂഷണത്തിനെതിരെ പി.ബിയുടെ പ്രമേയവും ഡാറ്റാ സംരക്ഷണത്തിനായി കര്‍ശന നിയമനിര്‍മ്മാണവും ഉടനടി വേണമെന്ന സി.പി.എമ്മിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും എല്ലാം ഈ ഇടപാടിലൂടെ പിണറായി വിജയന്‍ പഴങ്കഥയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി വന്നപ്പോള്‍ ആ വിധിയെ സ്വാഗതം ചെയ്യുകയും ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്യുകയുണ്ടായി.സ്വകാര്യ കമ്പനികള്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് കുറിച്ച് വാചാലമായാണ് അന്ന് മുഖ്യമന്ത്രി രംഗത്ത് വന്നത്. ഇപ്പോള്‍ നാടുകണ്ട ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് വിരോധാഭാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.ഐ എന്നും ഇത്തര പ്രശ്‌നങ്ങളില്‍ എടുക്കുന്ന നിലപാട് പൊതുസമൂഹം അഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സി.പി.ഐ മുഖപത്രത്തിലെ ലേഖനം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു.പക്ഷെ അത്യന്തം അപകടരമായ ഡാറ്റാ കച്ചവടത്തിനെതിരെ സി.പി.ഐ മൗനംതുടരുന്നത് ഒട്ടും ഭൂഷണമല്ല. ഡാറ്റാ ചൂഷണത്തിനെതിരെ ശക്തമായി വാദിച്ചുകൊണ്ടിരിക്കുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എം.എ.ബേബി, എസ്.രാമചന്ദ്രപിള്ള തുടങ്ങിയ പി.ബി അംഗങ്ങളെപ്പോലെ ഈ അറുംകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

മന്ത്രിസഭയിലെ ഒരു അംഗം പോലുമറിയാതെയാണ് സ്പ്രിങ്കളറിന് ഡാറ്റാ കച്ചവടത്തിനായുള്ള വാതിലുകള്‍ മുഖ്യമന്ത്രി മലക്കെ തുറന്നു കൊടുത്തത്. പ്രതിപക്ഷം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് സി.പി.എം കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഈ ഇടപാടറിഞ്ഞത് അത്ഭുതമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഇപ്പോള്‍ ബഹുരാഷ്ട്ര കുത്തക ഭീമനായ ഫൈസര്‍ കമ്പനിയുമായി അന്താരാഷ്ട്ര രംഗത്തെ പ്രമുഖകമ്പനിയായ സ്പ്രിങ്കളറിന് അടുത്ത ബന്ധമാണുള്ളതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. കോവിഡ് പ്രതിരോധ മരുന്നിനായി ഇപ്പോള്‍ ഗവേഷണം നടത്തുന്ന ഫൈസര്‍ കമ്പനിക്ക് അമൂല്യമായ ഡേറ്റ നല്‍കുന്നത് സ്പ്രിങ്കളറാണെന്ന് മാധ്യമവാര്‍ത്തകളിലൂടെ വ്യക്തമാക്കുന്നു.രോഗികളുടെ വിവര ശേഖരണം, കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുക തുടങ്ങിയ ഇടപാടുകളാണ് ഫൈസര്‍ കമ്പനിക്ക് സ്പ്രിങ്കളര്‍ നല്‍കുന്ന സേവനം. അന്താരാഷ്ട്ര രംഗത്ത് കുപ്രസിദ്ധി നേടിയ ഈ കമ്പനി പലപ്രധാന കേസുകളിലും ശിക്ഷ വാങ്ങുകയും പിഴയൊടുക്കുകയും ചെയ്തവരാണ്. കേരളത്തിലെ പൗരന്‍മാരുടെ ആരോഗ്യവിവരം സ്പ്രിങ്കളര്‍ ഉറപ്പായും ഫൈസര്‍ കമ്പനിക്ക് കൈമാറുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്പ്രിങ്ക്ളര്‍ കമ്പനി കേരളത്തിലേക്ക് ആക്‌സമികമായി വന്നതല്ല. കൃത്യമായ തിരക്കഥകള്‍ തയ്യാറാക്കിയ ശേഷമാണ് ഈ കമ്പനിയെ ചുവന്ന പരവതാനി വിരിച്ച് ആനയിച്ചത്. സംസ്ഥാന സര്‍ക്കാരും ഐ.എം.എയും ചേര്‍ന്ന് നടപ്പാക്കുന്ന ടെലി മെഡിസിന്‍ പദ്ധതിയിലും ഡാറ്റാ ചോര്‍ച്ച നടന്നതായി വലിയ സംശയം ഉര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള കുടുംബസമേതമുള്ള ആമേരിക്കന്‍ യാത്രയും സംശയാസ്പദമാണ്. വിശദമായ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുവെന്നും മുല്ലപ്പള്ളി പറഞ്ഞു