സ്പ്രിങ്ക്ളര്‍: ദുരൂഹതയകറ്റാന്‍ എല്ലാ പാര്‍ട്ടി ഓഫീസിലും പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ വിടുമോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ‘ഉദ്യോഗസ്ഥരെ ബലി നല്‍കി രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട’

Jaihind News Bureau
Thursday, April 23, 2020

Mullapaplly-Ramachandran

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഇടപാടില്‍ ദുരൂഹതയകറ്റാന്‍ സി.പി.ഐയുടെ മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലേക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി കൂടിയായ ഐ.ടി.സെക്രട്ടറിയെ മുഖ്യമന്ത്രി പറഞ്ഞുവിടുമോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്പ്രിങ്ക്ളര്‍ ഇടപാടിലെ സൂത്രധാരനായ മുഖ്യമന്ത്രി ഐ.ടി. സെക്രട്ടറിയെ കൊണ്ട് ചുട്‌ചോറുവാരിക്കുകയാണ്. അതിന്‍റെ ഭാഗമാണ് പാര്‍ട്ടി ഓഫീസുകളിലും മാധ്യമ ഓഫീസുകളിലും കയറി ഇറങ്ങി വിശദീകരിക്കാന്‍ ഐ.ടി.സെക്രട്ടറിയെ മുഖ്യമന്ത്രി നിയോഗിച്ചത്. വിശദീകരണവുമായി ഒരു ഉദ്യോഗസ്ഥന്‍ വിവിധ ഓഫീസുകളുടെ തിണ്ണ നിരങ്ങുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. കണ്‍ഫേഡ് ഐ.എ.എസാണെങ്കിലും ഐ.എ.എസെന്ന മൂന്ന് അക്ഷരത്തിന് പൊതുസമൂഹം മാന്യതയും അന്തസും കല്‍പ്പിച്ചുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. ഉദ്യോഗസ്ഥരെ ബലി നല്‍കി രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതു നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടതുമുന്നണിയിലും മന്ത്രിസഭയിലും കൂട്ടുത്തരവാദിത്തം നഷ്ടമായതിന് തെളിവാണ് സി.പി.ഐ സെക്രട്ടറിയുടെ പരസ്യമായ അതൃപ്തി. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐയെപ്പോലും വിശ്വാസിത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്കായില്ല. സര്‍വ്വാധിപതിയായ മുഖ്യമന്ത്രിയുടെ പ്രതാപത്തിന് മുന്നില്‍ മൗനം അവലംബിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായി. ഡാറ്റാ സംരക്ഷണത്തിലും അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ സമീപനത്തിലും നാളിതുവരെയുള്ള സി.പി.എമ്മിന്റെ നിലപാട് വെറും പൊള്ളയാണെന്ന് സ്പ്രിങ്ക്ളര്‍ ഇടപാടിലൂടെ വ്യക്തമായി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിവരശേഖരണത്തിന് നിരവധി ഐ.ടി ഏജന്‍സികളും ഒട്ടേറെ പ്രശസ്തമായ സ്ഥാപനങ്ങളും ഉണ്ടായിട്ടും സ്പ്രിങ്കളര്‍ കമ്പനിക്ക് മാത്രമേ മാസ് ഡാറ്റ കൈകാര്യം ചെയ്യാന്‍ കഴിയൂയെന്ന സര്‍ക്കാരിന്‍റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം വിചിത്രമാണ്. ഹൈക്കോടതിലെ സര്‍ക്കാരിന്‍റെ വിശദീകരണം കൂടുതല്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. അടിമുടി ക്രമക്കേട് നിറഞ്ഞതാണ് സ്പ്രിങ്കളര്‍ ഇടപാട്. അതിനാലാണ് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി കഴിയാത്തത്.

സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തുവരൂ. സി.ബി.ഐ അല്ലാതെ മറ്റൊരു അന്വേഷണവും കോണ്‍ഗ്രസിന് സ്വീകാര്യമല്ല. വിജിലന്‍സ് അന്വേഷണം കള്ളന്റെ കയ്യില്‍ താക്കോല്‍ നല്‍കുന്നതിന് തുല്യമാണ്. ബി.ജെ.പിയിലെ ഒരു വിഭാഗവുമായി സി.പി.എം ഉണ്ടാക്കിയ രഹസ്യധാരണ വിജിലന്‍സ് അന്വേഷണമെന്ന ഒരുവിഭാഗം ബി.ജെ.പി നേതാക്കളുടെ ആവശ്യത്തിലൂടെ ഒരിക്കല്‍ക്കൂടി വെളിപ്പെട്ടുകഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.