കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടിയത് കൊടിയ അനീതി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, May 8, 2020

 

മടങ്ങിയെത്തിയ പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയത് കൊടിയ അനീതിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രത്യേക വിമാനം വിട്ടുനല്‍കി എന്നതിന് അപ്പുറം സര്‍ക്കാരിന് ഊറ്റം കൊള്ളാന്‍ ഒന്നുമില്ല. എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പ്രവാസികള്‍ക്ക് നല്‍കേണ്ടി വന്നത്.തിരികെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ സന്തോഷിച്ച എല്ലാ പ്രവാസികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.

തൊഴില്‍ നഷ്ടപ്പെട്ടവരാണ് നാട്ടിലേക്ക് പോകാനുള്ള മുന്‍ഗണനപട്ടികയില്‍ ഇടം പിടിച്ചതില്‍ ഒരു വിഭാഗം. രണ്ടുമാസമായി ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണ് ഇവരില്‍ പലരും. കൈയില്‍ കാശില്ലാത്ത പലരും കടം വാങ്ങിയാണ് വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഉള്‍പ്പടെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഇവരില്‍ പലരും. എന്നാല്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് ഇവര്‍ക്ക് പ്രത്യേക വിമാന സര്‍വീസില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. പുതിയ ടിക്കറ്റ് ഉയര്‍ന്ന് നിരക്കില്‍ എടുത്തുവേണം യാത്ര ചെയ്യാനെന്നുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പ്രവാസിയെ കൊള്ളയടിക്കുന്ന നടപടിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പക്കല്‍ നിന്നും പിരിച്ചെടുത്ത അടിയന്തിര ക്ഷേമ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപയുള്ളപ്പോഴാണ് പ്രവാസിസമൂഹത്തോട് ഈ അവഗണന. പാവപ്പെട്ട പ്രവാസികളുടെ അടിയന്തിര ചികിത്സക്കും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും ആവശ്യമുള്ളവര്‍ക്ക് നിയമസഹായം നല്‍കാനുമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് ഈ ഫണ്ടിലുള്ളത്. പ്രവാസികളുടെ അവകാശമായ ഈ ഫണ്ട് ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ വിനിയോഗിക്കുന്നതിന് ഒരു സാങ്കേതിക തടസ്സവുമില്ലെന്ന് ഇരിക്കെ അതു പ്രയോജനപ്പെടുത്താത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വന്തം പൗരന്‍മാരെ എത്രയും വേഗത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ മുന്‍ കൈയെടുക്കേണ്ടത്. എന്നാല്‍ കോടികള്‍ സര്‍ക്കാരിനെ വെട്ടിച്ച് കടന്നവരുടെ കടം നിസ്സാരമായി എഴുതിത്തള്ളിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അരപ്പട്ടിണിയില്‍ ജീവിക്കുന്ന പ്രവാസികളായ ഇന്ത്യന്‍ പൗരന്‍മാരുടെ മാനത്തിനാണ് വിലയിട്ടിരിക്കുന്നത്.

പ്രവാസി വിഷയം ഉയര്‍ത്തികാട്ടി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. പ്രവാസികളുടെ ക്വാറന്റൈന്‍ സംബന്ധിച്ച ആശയകുഴപ്പം, മടങ്ങുന്നവരുടെ രോഗപരിശോധന,തിരിച്ചുവരവിന് അവസരം ലഭിച്ച പ്രവാസികളുടെ എണ്ണം തുടങ്ങിയ വിഷയത്തിലെ തര്‍ക്കം ഇരുസര്‍ക്കാരുകളും തമ്മിലുള്ള ഏകോപനമില്ലായ്മയ്ക്ക് തെളിവാണ്.

കൊവിഡ് പ്രതിരോധം പോലെ പ്രധാനമാണ് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമവും. ഈ തിരിച്ചറിവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാവണം. ഇരുവരും തമ്മിലുള്ള ശീതസമരം അവസാനിപ്പിച്ച് പ്രവാസികളുടെ പുനരധിവാസത്തിനായി നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.