തിരുവനന്തപുരം : സിപിഎം നേതൃത്വത്തിന്‍റെ മൂല്യത്തകര്‍ച്ചയുടെയും അഗാധമായ ആദര്‍ശ പ്രതിസന്ധിയുടെയും പ്രതിഫലനമാണ് ഐഫോണ്‍ വിവാദത്തിലൂടെ പുറത്തുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കു പകരം പണവും പ്രതാപവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം നേതാക്കള്‍. സ്വര്‍ണവും ഡോളറും ഐഫോണുമൊക്കെ ഇന്ന് സിപിഎം നേതാക്കളുടെ പര്യായമാണ്.
കട്ടന്‍ ചായയ്കയ്ക്കും പരിപ്പുവടയ്ക്കും പകരം വന്‍ ബിസിനസ് സംരംഭങ്ങളും വന്‍കിട സംരംഭകരുമായുള്ള കൂട്ടുകെട്ടും മറ്റുമാണ് ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്. സിപിഎം നേതാക്കളുടെ നൂറുകണക്കിന് ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുന്നതും കേരളം കണ്ടു.
ഐഫോണ്‍ വിവാദം ഉണ്ടായപ്പോള്‍ അതു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മേല്‍ കെട്ടിവയ്ക്കാന്‍ പത്രസമ്മേളനം വരെ നടത്തിയത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. തന്റെ ഭാര്യയുടെ കയ്യില്‍ ആ ഫോണുണ്ട് എന്നറിഞ്ഞ് ഒരുമുഴും മുന്നേ എറിയുകയാണ് കോടിയേരി ചെയ്തത്. സിപിഎം നേതൃത്വത്തിന്റെ അപചയത്തിനെതിരെ അണികളില്‍ വലിയ പ്രതിഷേധം ആളിപ്പടരുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.