വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, March 26, 2021

 

തിരുവനന്തപുരം : വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരട്ടവോട്ടുകളുടെ ബലത്തിലാണ് ഭരണത്തുടര്‍ച്ച സിപിഎം ആവകാശപ്പെടുന്നത്.വോട്ടര്‍പട്ടികയില്‍ 64 ലക്ഷം ഇരട്ടവോട്ടുകള്‍ ഉണ്ടായിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉണ്ടായ കൃത്രിമവിജയം ഇതേ ഇരട്ടവോട്ടിന്റെ ബലത്തിലാണ്.സംസ്ഥാനത്ത് 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല.ഇരട്ടവോട്ട് ആദ്യമായിട്ടല്ലെന്നും അത് കണ്ടെത്തേണ്ട ഉത്തരവാദിത്വം രാഷ്ട്രീയപാര്‍ട്ടികളുടെതാണെന്ന് പറഞ്ഞ് കൈകഴുകാനാണ് അദ്ദേഹം ശ്രമിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് സിപിഎമ്മിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. വ്യാജവോട്ടുകളോട് പ്രതികരിക്കാന്‍ ഇതുവരെ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറായിട്ടില്ല.മുഖ്യമന്ത്രിയുടെ വാചാല മൗനം ഇരട്ടവോട്ടുകളെ ന്യായീകരിക്കുന്നതിന് തുല്യമാണ്.ഇരട്ടവോട്ടുകള്‍ക്കെതിരെ സിപി ഐ പോലും രംഗത്ത് വന്നിട്ടുണ്ട്.വോട്ടര്‍ പട്ടികയിലെ ക്രമക്കേട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമമാണ്.ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ല.സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ് മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.