കോടികളുടെ കാറിലെത്തുന്ന ലളിത ജീവിതം : സി.പി.എമ്മിനെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി രണ്ടു കോടിയിലധികം വിലയുള്ള കാറില്‍ മുംബൈയിലെ ഓഷ്വാര പോലീസ് സ്‌റ്റേഷനിലെത്തിയതിലൂടെ പ്രകടമാകുന്നത് മാറിയ സി.പി.എമ്മിന്‍റെ ജീര്‍ണതയുടെ മുഖമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നവസമ്പന്നന്‍മാരും സഹസ്ര കോടീശ്വരന്‍മാരുമായിട്ടാണ് സി.പി.എമ്മിന്‍റെ നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ബന്ധമുള്ളത്. അതിന്‍റെ തെളിവുകാള് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോടിയേരിയുടെ മകനെതിരായ കൂടുതല്‍ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ വെടിഞ്ഞ് ആഢംബര ജീവിതം കെട്ടിപ്പെടുക്കാനുള്ള കഠിനശ്രമത്തിലാണ് സി.പി.എം നേതാക്കള്‍. നവസമ്പന്നര്‍മാരുമായിട്ടുള്ള ബന്ധവും പാര്‍ട്ടി സെക്രട്ടറിയുടെ കൂപ്പര്‍ കാറിലെ സഞ്ചാരവും കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ജനം ചര്‍ച്ചചെയ്തതാണ്. പരിപ്പുവടയും കട്ടന്‍ ചായയും മാത്രം പോരെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ മുമ്പ് പറഞ്ഞതിന്‍റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നത് സി.പി.എം നേതാക്കളുടെ മക്കളാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

വ്യവസായമന്ത്രി ഇ.പി ജയരാജന്‍റെ മകന്‍ ഡയറക്ടറായ കമ്പനി നിയമങ്ങള്‍ കാറ്റില്‍ പറത്തി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മിക്കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം നേതാക്കളുടെ ആര്‍ഭാട ജീവിതം സര്‍ക്കാരിലും പ്രതിഫലിക്കുന്നു. ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിലും വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നതിലും മന്ത്രിമാര്‍ മത്സരിക്കുന്നു. സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് മോടി പിടിപ്പിച്ചു. പ്രളയദുരിതാശ്വാസ ഫണ്ടിനായി മുഖ്യമന്ത്രിയും സഘവും പണം സമാഹരിക്കാന്‍ വിദേശത്ത് പോയെങ്കിലും സംസ്ഥാനത്തിന് ഒരു പ്രയോജനവും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഉപദേശകരുടെ ബാഹുല്യമാണ്. ലാളിത്യവും എളിമയുമാണ് കമ്യൂണിസ്റ്റുകാരില്‍ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ ആഢംബരഭ്രമവും ധൂര്‍ത്തും ഉപേക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

mullappally ramachandranbinoy kodiyeri
Comments (0)
Add Comment