ശബരിമല മറ്റൊരു അയോധ്യയാക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, October 6, 2018

ശബരിമല മറ്റൊരു അയോധ്യയാക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ സമവായം വേണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തന്നെ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  ആചാരങ്ങളെ വെല്ലുവിളിക്കേണ്ടെന്നും സ്ഥാപിത താല്‍പര്യമുള്ളവരാണ് സുപ്രീംകോടതി വിധിയ്ക്ക് അനുകൂലമായി രംഗത്ത് വന്നതെന്നും കെ.പി.സി.സി. അധ്യക്ഷന്‍ പറഞ്ഞു. വിശാല താല്‍പര്യമാണ് ശബരിമല വിഷയത്തില്‍ കെപിസിസിയ്ക്കുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രൂവറി – ഡിസ്റ്റിലറി ഇടപാടിലൂടെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സിപിഎം നടത്തിയിട്ടുള്ളതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടിയപ്പോള്‍ മന്ത്രി ടി.പി. രാമകൃഷ്ണനും അഴിമതിയ്ക്ക് കൂട്ടുനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയുടെയും പിണറായിയുടെയും സമാനതകളുള്ള സര്‍ക്കാരാണെന്നും   മോദി പ്രധാനമന്ത്രിയായത് ആസൂത്രിതമായ നീക്കത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.