പുതിയ കെപിസിസി സെക്രട്ടറിമാർ ചുമതലയേറ്റു ; പരിചയ സമ്പന്നതയും യുവത്വവും അടങ്ങുന്നതാണ് ഭാരവാഹികളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ | VIDEO

Jaihind News Bureau
Tuesday, September 29, 2020

 

തിരുവനന്തപുരം: പരിചയ സമ്പന്നതയും യുവത്വവും അടങ്ങുന്നതാണ്  പുതിയ ഭാരവാഹികളെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ആശയ സംഘർഷങ്ങൾ പാർട്ടിയിൽ എല്ലാ കാലത്തുമുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പാർട്ടിയിൽ പ്രസക്തിയില്ല. പാർട്ടിയിൽ അഭ്യന്തര ജനാധിപത്യം ഉറപ്പു വരുത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് തലം മുതൽ പാർട്ടിയെ പുന:സംഘടിപ്പിക്കുകയാണ് ലക്ഷ്യം. സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിനായി. വിഷമകരമായ ചുറ്റുപാടിലും പാർട്ടി മുന്നോട്ടു പോയി. എല്ലാവരുമായും ചർച്ച നടത്തിയാണ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് തകർന്നടിയാൻ പോകുന്നു എന്നു പറഞ്ഞ ഇടതുപക്ഷത്തിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നൽകി. 14 ഡിസിസി അധ്യക്ഷൻമാരും  പൂർണ്ണ പിന്തുണയാണ് നൽകിയത്.

കൊവിഡ് കാലത്ത്  ത്യാഗബുദ്ധിയോടെ കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കെപിസിസി പുനസംഘടന നീണ്ടു പോയതിൽ എല്ലാ വർക്കും ദു:ഖമുണ്ട്. ഭാരവാഹികളുടെ എണ്ണം കൂടിയതിൽ യാതൊരു കുഴപ്പവുമില്ല.  എല്ലാവരെയും ഉൾക്കൊണ്ടാണ് തീരുമാനമെടുത്തത്. അർഹതയുള്ള പലരും ഇപ്പോഴും പുറത്തുണ്ട്. ന്യൂനതകളും പോരായ്മകളും പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകും. ഭാരവാഹികളുടെ പ്രവർത്തനം അതിസൂക്ഷ്മമായി വിലയിരുത്താനുള്ള സംവിധാനം നിലവിലുണ്ട്. പാർട്ടിയോടും തത്വങ്ങളോടും ഉത്തരവാദിത്വമില്ലാതെ മുന്നോട്ടു പോകാനാവില്ല. തദ്ദേശ തെരെഞ്ഞടുപ്പിൽ പാർട്ടിയുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

https://www.facebook.com/JaihindNewsChannel/videos/660847201535816