സോണിയാ ഗാന്ധിക്കെതിരായ അർണബ് ഗോസ്വാമിയുടെ ജല്‍പ്പനം അധിക്ഷേപാര്‍ഹം : മുല്ലപ്പള്ളി രാമചന്ദ്രന്‍ .

Jaihind News Bureau
Saturday, April 25, 2020

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ വംശീയ പാരമാര്‍ശത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ളതല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അര്‍ണബ് ഗോസ്വാമി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയത്.

നെഹ്രുകുടുംബത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടാണ് ഇത്തരം അപക്വമായ നടപടികള്‍ ഗോസ്വാമിയില്‍ നിന്നും ഉണ്ടാകുന്നത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ് നെഹ്റു കുടുംബം. മഹത്തായ ആ പാരമ്പര്യത്തിന്‍റെ കണ്ണിയായ സോണിയാ ഗാന്ധിക്ക് അധികാരത്തിനായി വളഞ്ഞ വഴികള്‍ സ്വീകരിക്കേണ്ടതില്ല. ഭര്‍ത്താവിന്‍റെ ഘാതകരോടും പോലും ക്ഷമിക്കാന്‍ മനസുകാട്ടിയ ധീരവനിതയാണ് സോണിയ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യയുടെ പരമാധികാരം സ്വര്‍ണ്ണത്തളികയില്‍ വച്ച് രാജ്യം ഒന്നടങ്കം ക്ഷണിച്ചിട്ടും അത് സ്‌നേഹത്തോടെ നിരസിച്ച വ്യക്തിത്വം. പൊതുരംഗത്തെ മാന്യതയും അന്തസ്സും എന്താണെന്ന് തിരിച്ചറിയണമെങ്കില്‍ സോണിയാ ഗാന്ധിയെ പഠിക്കാന്‍ ഗോസ്വാമി തയ്യാറാകണം. പ്രതിപക്ഷം പോലും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിയാണ് സോണിയാ ഗാന്ധി.

ബി.ജെ.പിയേട് വിധേയത്വം കാണിക്കുന്ന ഗോസ്വാമി നിഷ്പക്ഷവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. തീവ്രഹിന്ദുത്വ നിലപാടുകളുടെ വക്താവിനെപ്പോലെയാണ് ചാനലിലൂടെയുള്ള അദ്ദേഹത്തിന്‍റെ ഭ്രാന്തുപിടിച്ച പെരുമാറ്റം. സോണിയാ ഗാന്ധിക്കെതിരെ വംശീയവും മതസ്പര്‍ധവളര്‍ത്തുന്നതുമായ പരാമര്‍ശം നടത്തിയ ഗോസ്വാമിയെ വഴിവിട്ട് സംരക്ഷിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സോണിയാ ഗാന്ധിയെ മനസിലാക്കാന്‍ ഈ ജന്മം അര്‍ണബ് ഗോസ്വാമിക്ക് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

teevandi enkile ennodu para