കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും കുടുംബത്തിന് സഹായധനവുമായി യു.ഡി.എഫ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫണ്ട് കൈമാറി

പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും ആശ്രിതർക്ക് യു.ഡി.എഫ് കുടുംബ സഹായ ഫണ്ട് കൈമാറി. കനത്ത മഴയെ അവഗണിച്ചും എത്തിച്ചേര്‍ന്ന നൂറുകണക്കിന് പേരെ സാക്ഷിയാക്കി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കുടുംബ സഹായ ഫണ്ട് കൈമാറിയത്.

കല്യോട്ടെ മൺതരികൾക്കുപോലും സുപരിചിതരായ നന്മയുടെ പൂമരങ്ങളെയാണ് സി.പി.എം ഇല്ലാതാക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചടങ്ങില്‍ പറഞ്ഞു. കേരളത്തിന്‍റെ മനസാക്ഷി മരവിപ്പിച്ച കൊലപാതകമാണിത്. ശരത്‌ലാലും കൃപേഷും ചെയ്ത തെറ്റെന്താണെന്ന് സി.പി.എം പുറത്തുപറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കേസിൽ നീതിപൂർവമായ അന്വേഷണം നടക്കണമെങ്കിൽ സി.ബി.ഐ അന്വേഷിക്കണം. ഇല്ലെങ്കിൽ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

കാസർഗോട്ടെ യു.ഡി.എഫിന്‍റെ വിജയം കൃപേഷിനും ശരത്‌ലാലിനും സമർപ്പിക്കുകയാണ്. സി.പി.എമ്മിന്‍റെ രക്തക്കൊതിക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ പരാജയം. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ആർക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. അക്രമരാഷ്ട്രീയത്തിന്‍റെ അടിവേര് പിഴുതെടുക്കുംവരെ കോൺഗ്രസിന് വിശ്രമമില്ലെന്നും പ്രവർത്തകരെ വാളെടുക്കാൻ പ്രേരിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

പോലീസിനെ കൊണ്ട് കാസർഗോഡ് ജില്ലയിൽ സി.പി.എം രാഷ്ട്രീയം കളിപ്പിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ഡി.സി.സി അധ്യക്ഷൻ ഹക്കീം കുന്നിൽ, കെ.പി.സി.സി ഭാരവാഹികളായ കെ.പി കുഞ്ഞിക്കണ്ണൻ, ജി രതികുമാർ, യു.ഡി.എഫ് നേതാക്കളായ എം.സി കമറുദ്ദീൻ, കെ ഗോവിന്ദൻ നായർ തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് പ്രവർത്തകരാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിച്ചേർന്നത്.

kripesh sarathlal familykripeshperiyasarathlal
Comments (0)
Add Comment