കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന നിലപാട് വിചിത്രം; പി.എസ്.സി ചെയര്‍മാന്‍ ഉദ്യോഗാര്‍ത്ഥികളോട് മാപ്പു പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, August 16, 2020

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയും അവഹേളിക്കുകയും ചെയ്ത പി.എസ്.സി ചെയര്‍മാന്‍ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോട് മാപ്പു പറയണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീറോ ചക്രവര്‍ത്തിയുടെ മാനസികാവസ്ഥയാണ് പി.എസ്.സി ചെയര്‍മാനുള്ളത്. ഈ സര്‍ക്കാര്‍ പി.എസ്.സിയുടെ ഗരിമയും വിശ്വാസ്യതയും തകര്‍ത്തു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസിറ്റില്‍ ഉള്‍പ്പെട്ടിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന പി.എസ്.സി ചെയര്‍മാന്‍റെ നിലപാട് വിചിത്രമാണ്. കഴിഞ്ഞ ഏഴുമാസത്തിനിടെ വളരെ ചുരുക്കം നിയമനങ്ങളാണ് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നടന്നിട്ടുള്ളത്. കൊവിഡിന്‍റെ  പശ്ചാത്തലത്തില്‍ അറുപതോളം പി.എസ്.സി പരീക്ഷകള്‍ റദ്ദാക്കി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. സി.പി.എമ്മുകാരെയും ഇഷ്ടക്കാരെയും സംസ്ഥാന വ്യാപകമായി എല്ലാ മേഖലയിലും പിന്‍വാതില്‍ വഴി താല്‍ക്കാലിമായി നിയമിച്ച ശേഷം ഇവരെ സ്ഥിരപ്പെടുത്തുന്നതാണ് പതിവ്. കേരള ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും വഴിവിട്ട നിയമനങ്ങളാണ്. ഇനിയൊരിക്കലും അധികാരത്തില്‍ വരില്ലെന്ന ധാരണയോടെ മുഖ്യമന്ത്രിയും സംഘവും നടത്തുന്ന കടുംവെട്ടാണിത്.

വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച് ഉയര്‍ന്ന തസ്തികളില്‍ നൂറുകണക്കിന് നിയമനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തുകയാണ്. മധ്യപ്രദേശിലെ വ്യാപം അഴിമതിയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് നിയമനങ്ങള്‍ നടത്തുന്നത്. പി.എസ്.സി ചെയര്‍മാന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഈ നീതിനിഷേധത്തിന് കേരളീയ പൊതുസമൂഹം ചുട്ടമറുപടി നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.