തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ കെ.പി.സി.സി.യുടെ 1000 വീട് ഭവനപദ്ധതിയിലേക്കുള്ള നാലാമത്തെ വീടിന്റെ തുക കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട മുഖ്യമന്ത്രിയുടെ കൈ മുതല്‍ ധാര്‍ഷ്ട്യവും ധിക്കാരവും മാത്രമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാ പിന്തുണയും നല്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഗൗരവമായ പ്രവര്‍ത്തനം ഉണ്ടായില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ധനം സമാഹരിക്കുന്നതില്‍ മാത്രമാണ് മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി അദ്ദേഹം വിദേശപര്യടനം വരെ നടത്തി. എന്നാല്‍ എത്രതുക സംഭാവന കിട്ടിയെന്ന് ഇതുവരെ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
1920 കളിലെ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈമെയ്യ് മറന്നു പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അക്കാലത്ത് മഹാത്മഗാന്ധി ഒരു ലക്ഷം രൂപ ജനങ്ങളില്‍ നിന്നും സ്വരൂപിച്ച് നല്കിയ പാരമ്പര്യം കോണ്‍ഗ്രസിനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ ബക്കറ്റ് പിരിവിന് പേരുകേട്ട സി.പി.എമ്മിനോ അവരുടെ പോഷകസംഘടനകള്‍ക്കോ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതിന്റെ ചെറിയ ഒരു അംശം പോലും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ഉത്തരാഖണ്ടിലെ പ്രളയകാലത്ത് യു.പി.എ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്. അന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ദേശീയമാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നു. അന്നത്തെ യു.പി.എ സര്‍ക്കാരിന്റെ ഇടപെടലുകളെയും പ്രവര്‍ത്തനങ്ങളെയും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നെങ്കില്‍ സംസ്ഥാനത്തെ പ്രളയാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായേനെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, സുധീര്‍കുമാര്‍,കെ.മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.