സി.പി.എമ്മിന്‍റെ മൗനം അപചയത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴും സി.പി.എം നേതൃത്വം തുടരുന്ന മൌനം കുറ്റകരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.പാര്‍ട്ടി സെക്രട്ടറി മുതല്‍ താഴേ തട്ടിലുള്ള നേതാക്കള്‍ക്കെതിരെ വരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും നേതൃത്വം മൗനം തുടരുന്നത് സി.പി.എമ്മിന്‍റെ അപചയത്തിന്‍റെയും ധാര്‍മിക അധഃപതനത്തിന്‍റെയും വ്യാപ്തി പ്രകടമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മകനെതിരെ ഉയര്‍ന്ന പരാതിയെ കുറിച്ച് കോടിയേരിക്ക് വ്യക്തമായി അറിയാമായിരുന്നെന്നും സംഭവത്തില്‍ ഇടപെട്ടുവെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി സി.പി.എമ്മില്‍ ഉയരുന്നത് ആദ്യമാണ്. കഴിവും ജനസ്വാധീനവുമുള്ള നിരവധി നേതാക്കളെ പാര്‍ട്ടിവിരുദ്ധ നടപടികളുടെ പേരില്‍ പുറത്താക്കിയ സി.പി.എം ഇന്ന് കോടിയേരിക്ക് മുന്നില്‍ ഓഛാനിച്ച്നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

സ്ത്രീപീഡകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സി.പി.എം നേതാക്കളും ബന്ധപ്പെട്ടവരുമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാകുന്നത്. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടികളാണ് സി.പി.എമ്മില്‍ നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ സംഭവങ്ങള്‍ മാത്രം എടുത്ത് പരിശോധിച്ചാല്‍ സി.പി.എം നേരിടുന്ന മൂല്യച്യുതിയുടെ ആഴം മനസിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്തിനും പ്രതികരിക്കുന്ന സാംസ്‌കാരിക നേതാക്കളും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വിഷയത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കാന്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ആന്തൂര്‍ സംഭവത്തില്‍ നഗരസഭ അധ്യക്ഷയെ വെള്ളപൂശാനുള്ള സി.പി.എമ്മിന്‍റെ ശ്രമം ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ, നഗരസഭാ അധ്യക്ഷക്കെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ല. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയും സര്‍ക്കാരും തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

anthoor suicidecpmmullappally ramachandran
Comments (0)
Add Comment