ഉന്നതവിദ്യാഭ്യാസ മന്ത്രി സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ത്തു: മുല്ലപ്പള്ളി

Jaihind News Bureau
Wednesday, October 16, 2019

സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദാലത്തുകളിലൂടെ മാര്‍ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തതിന് ഒരു ന്യായീകരണവുമില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത അസാധരണ നടപടിയാണിത്. പഠിക്കാന്‍ മിടുക്കന്‍മാരും മിടുക്കികളുമായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ് അനധികൃതമായി അനര്‍ഹര്‍ക്ക് മന്ത്രി മാര്‍ക്ക് ദാനം നല്‍കിയത്. അദാലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്ത് എന്ത് മാനദണ്ഡത്തിന്‍റെ പേരിലാണെന്ന് മന്ത്രി വിശദീകരിക്കണം. നിയമവിരുദ്ധമായ നടപടികളെ മാനുഷിക പരിഗണന ചൂണ്ടിക്കാട്ടിയാണ് മന്ത്രി ന്യായീകരിക്കുന്നത്. മാര്‍ക്ക് ദാനം നല്‍കിയല്ല മന്ത്രി മാനുഷിക പരിഗണന പ്രകടിപ്പിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാര്‍ക്ക് ദാനം സംബന്ധിച്ച ആരോപണം പ്രതിപക്ഷ നേതാവ് ആദ്യം ഉന്നയിച്ചപ്പോള്‍ അദാലത്തില്‍ അത്തരമൊരു തീരുമാനം എടുത്തില്ലെന്നായിരുന്നു മന്ത്രിയും സര്‍വകലാശാല വി.സിയും വിശദീകരിച്ചത്. എന്നാല്‍ മന്ത്രി വിളിച്ചുചേര്‍ത്ത അദാലത്തില്‍ തന്നെയാണ് മാര്‍ക്ക് ദാനം സംബന്ധിക്കുന്ന തീരുമാനം എടുത്തതെന്ന് എം.ജി സര്‍വകലാശാല സമ്മതിക്കുന്ന വിവരാവകാശരേഖ പുറത്ത് വന്നതോടെ മന്ത്രിയുടേയും വി.സിയുടേയും കള്ളക്കളി പുറത്തായി.

ചുമതലയുള്ള വകുപ്പ് മന്ത്രിയാണെങ്കിലും സര്‍വകലാശാലയുടെ സ്വയംഭരണ അവകാശത്തിലും നീതിപൂര്‍വ്വമായ ഭരണ നിര്‍വ്വഹണത്തിലും കൈകടത്താന്‍ വിദ്യാഭ്യാസമന്ത്രിക്ക് ഒരു അവകാശവുമില്ല.സര്‍വകലാശാലയുടേയും ഭരണഘടനനിര്‍മ്മിതമായ പി.എസ്.സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെയും വിശ്വാസ്യത എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും തകര്‍ത്ത് തരിപ്പണ മാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അദാലത്തുകളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയതിന് പിന്നിലും വന്‍ക്രമക്കേടുണ്ട്. ഇത്തരത്തില്‍ മാര്‍ക്ക് കിട്ടിയ കുട്ടി പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയാണെന്ന വസ്തുത മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലൂടെ തന്നെ മാര്‍ക്ക് ദാനത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. സര്‍വകലാശാല നിയമങ്ങള്‍ക്കും നഴ്സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ബി.എസ്.സി നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് മാര്‍ക്ക് വീതം ദാനം ചെയ്യാനുള്ള തീരുമാനവും പുനഃപരിശോധിക്കേണ്ടതാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.