കൊവിഡ് -19 : സന്നദ്ധസേനയില്‍ കോണ്‍ഗ്രസുകാര്‍ സഹകരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊവിഡ് രോഗപ്രതിരോധത്തിലും മറ്റുസേവനപ്രവര്‍ത്തനങ്ങളിലും പരമാവധി യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിളാകോണ്‍ഗ്രസ് സഹോദരിമാരും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥരും നിയമപാലകരും നല്‍കുന്ന നിബന്ധനങ്ങള്‍ക്ക് വിധേയമായി ഓരോ പ്രവര്‍ത്തകനും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

“കൊവിഡെന്ന മഹാമാരിയെ നാം എല്ലാം മറന്നുകൊണ്ട് ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തകാലത്ത് കഷ്ടത അനുഭവിക്കുന്ന പതിനായരങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്.”- അദ്ദേഹം പറഞ്ഞു.

‘സന്നദ്ധ’ എന്ന വെബ്‌പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു ഓരോ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധ സേനയുടെ ഭാഗമാകണം. 2,36,000 പേരടങ്ങുന്ന സന്നദ്ധ സേനയ്ക്കാണ് രൂപം കൊടുത്തതെന്ന് അറിയുന്നു. പഞ്ചയാത്തില്‍ 200, മുനിസിപ്പാലിറ്റികളില്‍ 500, കോര്‍പ്പറേഷനുകളില്‍ 700 പേര്‍ അടങ്ങുന്നതാണ് സേനയുടെ ഘടന.

ദേശീയപ്രസ്ഥാനകാലത്ത് മഹാദുരന്തങ്ങള്‍ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ ഒക്കെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ അര്‍പ്പണബോധത്തോടെ സേവനമനുഷ്ടിച്ച പാരമ്പ്യരമാണ് കോണ്‍ഗ്രസിനുള്ളത്. പ്ലേഗ്, വസൂരി, കോളറ, 1923ലെ മഹാപ്രളയം, 1943ലെ ബംഗാള്‍ ക്ഷാമം എന്നീ പ്രതിസന്ധിഘട്ടത്തില്‍ പ്രശംസനീയവും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഓരോ കോണ്‍ഗ്രസുകാരനും നടത്തിയത്.

സ്വാതന്ത്ര്യാനന്തരം ഗുജറാത്തിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും ഭൂകമ്പം ഉണ്ടായകാലത്തു ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ സന്നദ്ധസേവകരായി രംഗത്തുണ്ടായിരുന്നു. പശ്ചിമതീരത്ത് ഉണ്ടായ ഭീകരമായ ചുഴലിക്കാറ്റ് കാലത്ത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ അന്നു നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.അന്ന് അദ്ദേഹത്തോടെ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ എഐസിസി സെക്രട്ടറി എന്ന നിലയില്‍ തനിക്കും അവസരം ലഭിച്ചിട്ടുണ്ട്.കേരളത്തില്‍ ഉണ്ടായ രണ്ടു പ്രളയങ്ങളിലും ഓഖി ചുഴലിക്കാറ്റ് സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന് വിസ്മരിക്കാനാവുന്നതല്ല.അതിനാല്‍ ഈ മാഹാമാരിയെയും ശക്തമായി പ്രതിരോധിക്കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായസഹകരണം നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകനുമുള്ള ബാധ്യത ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ട്. എല്ലാവരും സജീവമായി സേവനസന്നദ്ധതയോടെ രംഗത്തുണ്ടാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

coronaCovid 19Task Forcemullappally ramachandran
Comments (0)
Add Comment