വനിതാമതില്‍ സാമുദായിക-വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാറ്റിനിര്‍ത്തി നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ സാമുദായിക വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ രണ്ട് പ്രമുഖ മതവിഭാഗങ്ങളും കേരളീയ നവോത്ഥാന പോരാട്ടങ്ങളില്‍ മഹനീയമായ പങ്ക് വഹിച്ചവരാണ്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും നവോത്ഥാന പോരാളികളാണെന്നത് മുഖ്യമന്ത്രി വിസ്മരിച്ചു. വൈക്കം സത്യഗ്രഹത്തിന്‍റെ മുന്നണി പോരാളിയായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ദേശീയ പ്രസ്ഥാനത്തിലെ നവോത്ഥാന പോരാളിയായിരുന്നു.

മുഖ്യമന്ത്രി 190 സംഘടനാ പ്രതിനിധികളെ വിളിച്ചതില്‍ 100 ല്‍ താഴെമാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നവോത്ഥാന പാര്യമ്പരമുള്ള പ്രമുഖ സംഘടനയായ എന്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതുമില്ല. യോഗത്തില്‍ പങ്കെടുത്ത സംഘടനകളില്‍ പലരും സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തു.

നവോത്ഥാനവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ല. മഹാത്മാ ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ നവോത്ഥാന പോരാട്ടം നയിച്ച കെ കേളപ്പനും, മന്നത്ത് പത്മനാഭനും, കെ.പി കേശവമേനോനും ടി.കെ.മാധവനും ഉള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസിന്‍റെ ഉജ്വല നേതാക്കളായിരുന്നു.

വനിതാമതില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നത് നവോത്ഥാന ആശയങ്ങളെ കാറ്റില്‍പ്പറത്തിയാണ്. തീവ്രവര്‍ഗീയ നിലപാടുകളുടെ ഉടമയായ സി.പി സുഗുണനാണ് വനിതാ മതില്‍ സംഘാടക സമിതിയുടെ വൈസ് ചെയര്‍മാന്‍. തീവ്രഹിന്ദുത്വത്തിന്‍റെ മുഖമാണ് ഹിന്ദുപാര്‍ലമെന്‍റ് നേതാവായ സി.പി സുഗുണന്‍. നവോത്ഥാന പൈതൃകം ഏറ്റെടുക്കാന്‍ സി.പി.എം നടത്തുന്ന കപടനാടകമാണ് വനിതാ മതില്‍. സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടേയും ഇരട്ടത്താപ്പ് കേരളീയ സമൂഹം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

mullappally ramachandranwomens wall
Comments (0)
Add Comment