സ്പീക്കര്‍ പദവിയില്‍ തുടരാന്‍ ശ്രീരാമകൃഷ്ണന്‍ യോഗ്യനല്ല ; രാജിവയ്ക്കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, April 10, 2021

 

തിരുവനന്തപുരം : ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നും എത്രയും വേഗം രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്. മന്ത്രി ജലീല്‍ തലയില്‍ മുണ്ടിട്ട് കേന്ദ്ര ആന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായത് കേരളം മറന്നിട്ടില്ല.

കേരള ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം ഉയരുന്നത്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും സിപിഎമ്മിലെ പല ഉന്നതര്‍ക്കും പങ്കുണ്ട്. അത് തെരഞ്ഞെടുപ്പ് കഴിയും വരെ മൂടിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് നടത്തിയത്.ഡോളര്‍ക്കടത്തുമായി മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന മൊഴി നല്‍കിയെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടക്കുന്നില്ല.

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്.തട്ടിപ്പുക്കാരുടേയും അഴിമതിക്കാരുടേയും ഒരു വലിയ കൊള്ളസംഘമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്.ഇക്കാര്യം താന്‍ തുടരെത്തുടരെ പറഞ്ഞതാണ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീല്‍ കുറ്റക്കാരാനാണെന്ന് ലോകായുക്ത വിധി വന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.എല്ലാക്കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്ന പ്രസ്ഥാനമായി സിപിഎം മാറി. ജനങ്ങളോട് ഒരു പ്രതിബദ്ധതയും സിപിഎമ്മിനില്ല. ധാര്‍മികമുല്യങ്ങള്‍ സിപിഎമ്മില്‍ നിന്നും അകന്നുപോയി എന്നതിന് തെളിവാണ് സ്പീക്കര്‍ക്കും മന്ത്രി ജലീലിനും നല്‍കുന്ന സംരക്ഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.