നീറ്റ്-ജെഇഇ: യെച്ചൂരിയെ തള്ളിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, August 28, 2020

 

കൊവിഡ് വ്യാപനം രാജ്യത്ത് തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നീറ്റ്-ജെ.ഇ.ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന കോണ്‍ഗ്രസിന്‍റെ  ആവശ്യത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോജിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി അതിനെ എതിര്‍ക്കുന്നതെന്തിനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീറ്റ്-ജെ.ഇ.ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് നടത്തിയ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജി.പി.ഓയ്ക്ക് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ്-ജെ.ഇ.ഇ പരീക്ഷ വിഷയത്തില്‍ അഖിലേന്ത്യ സെക്രട്ടറിയുടെ നിലപാടാണോ അതോ പി.ബി അംഗം കൂടിയായ മുഖ്യമന്ത്രിയുടെ നിലപാടാണോ ശരിയെന്ന് സി.പി.എം വ്യക്തമാക്കണം. കൊവിഡ് രോഗവ്യാപനത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.അതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും.സ്വര്‍ണ്ണക്കടത്തിന് ശേഷമാണ് കൊവിഡ് പ്രതിരോധ കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ശ്രദ്ധിക്കാന്‍ പോലും സമയമില്ല.

പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികളുടെ ആശങ്കയും കൊവിഡിനു പുറമെ ആസാം,ബീഹാര്‍ സംസ്ഥാനങ്ങളിലെ പ്രളയം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണീയ ഗാന്ധി നടത്തിയ ചര്‍ച്ചയിലും പൊതുവായ വികാരം പരീക്ഷമാറ്റി വയ്ക്കണമെന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ മാത്രമാണ് ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതിന് സമാനമായ നിലപാട് സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.പി,വി.എസ്.ശിവകുമാര്‍ എം.എല്‍.എ,വൈസ് പ്രസിഡന്‍റ് മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ പാലോട് രവി, മണക്കാട് സുരേഷ്, എം.എം.നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.