സംസ്ഥാനം വന്‍ കടക്കെണിയില്‍ ; ഇടതുസർക്കാർ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, March 27, 2021

 

തിരുവനന്തപുരം : സംസ്ഥാനം വന്‍ കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മന:പൂര്‍വ്വം മറച്ചുവെയ്ക്കുകയാണ്. അധികാരത്തിലെത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്ന് ചൂണ്ടിക്കാട്ടി ധവളപത്രം ഇറക്കിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ് കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673 കോടിരൂപയായിരുന്നു.അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ അത് 1,57000 കോടിരൂപയായിരുന്നു. അഞ്ചുകൊല്ലം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ 78327 കോടിമാത്രമാണ് കടം എടുത്തത്. ഇക്കാലയളവില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആകമാനം നടക്കുകയും ചെയ്തിരുന്നു.കൊച്ചി മെട്രോ,വിഴിഞ്ഞം പദ്ധതി,കാരുണ്യ പദ്ധതി തുടങ്ങിയവയും അധിക ഇന്ധന നികുതിയില്‍ ഇളവ് ഉള്‍പ്പെടെ ഒട്ടേറെ ഗുണഫലവും ജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3,20,468 കോടിയാണ്.മാര്‍ച്ച് മാസം മാത്രം 8000 കോടിരൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. അതുകൂടെ ആകുമ്പോള്‍ ആകെ കടബാധ്യത 3.28 ലക്ഷം കോടിയാകും. ഇതിനെല്ലാം പുറമെയാണ് കിഫ്ബിയെടുത്ത 12000 കോടിയുടെ കടം. ചുരുക്കത്തില്‍ രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടബാധ്യത.മാര്‍ച്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല.അത് മന:പൂര്‍വ്വം വൈകിപ്പിക്കുന്നത് മാര്‍ച്ച് മാസത്തേക്കൂടി ചേര്‍ത്ത് തെരഞ്ഞെടുപ്പിന് മുമ്പായി ഏപ്രില്‍ ആദ്യവാരം നല്‍കാനാണ്. സാമൂഹ്യക്ഷേമ പെന്‍ഷനെ വോട്ടിന് മാത്രമായിട്ടാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നതിന് തെളിവാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി ഓരോ ബജറ്റിലും വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.പല പദ്ധതികളുടെയും നടത്തിപ്പിലെ മെല്ലപ്പോക്ക് കാരണം ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച തുകയില്‍ കാല്‍ പങ്കും പോലും ചെലവിടാന്‍ സര്‍ക്കാരിനായില്ല.അതിന്റെ തിരിച്ചടവിനെ കുറിച്ച് സര്‍ക്കാരിന് ഒരു ധാരണയുമില്ല.അടുത്തതായി വരുന്ന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ താളം തെറ്റിക്കുന്ന കടബാധ്യതയാണ് പിണറായി സര്‍ക്കാര്‍ വരുത്തിവെച്ചത്.ഓരോ മലയാളിയെയും 1,05000 രൂപയുടെ കടക്കാരനാക്കിയ ശേഷമാണ് മുഖ്യമന്ത്രി ബഡായി ബംഗ്ലാവിലെത്തി ഗീര്‍വാണം അടിക്കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.