വട്ടിയൂർക്കാവിൽ അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണ് വി.കെ.പ്രശാന്ത് : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Sunday, October 6, 2019

വട്ടിയൂർക്കാവിൽ അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണ് വി.കെ.പ്രശാന്ത് എന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വിഭാഗം പാർട്ടിക്കാർ തന്നെ ഇക്കാര്യം പറയുന്നുണ്ട്. അതേ സമയം ശബരിമല വിഷയത്തിൽ വി.കെ പ്രശാന്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പേരൂർക്കടയിൽ വെച്ച് നടന്ന മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ നേതാക്കൾ സജീവമായി രംഗത്തെത്തിയതോടു കൂടി പ്രവർത്തകർ കൂടുതൽ ആവേശത്തിലായി. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്‍റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കൺവെൻഷനുകളിൽ വോട്ടർമാരുടെ നിറഞ്ഞ സാന്നിധ്യമാണ്.

പേരൂർക്കടയിൽ വെച്ച് നടന്ന മണ്ഡലം കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഉപതെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ പോരാട്ടമല്ലാതാക്കാനാണ് സിപിഎം ശ്രമം. വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് അടിച്ചേൽപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയാണെന്നും ശബരിമല വിഷയത്തിൽ വി.കെ പ്രശാന്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മേയർ ആയ ശേഷം തിരുവനന്തപുരം കോർപ്പറേഷന് നൽകിയ സംഭാവന എന്തെന്ന് വികെ പ്രശാന്ത് വ്യക്തമാക്കണം. മാലിന്യങ്ങളുടെ തലസ്ഥാനമായി നഗരം മാറിയത് വി.കെ പ്രശാന്ത് മേയറായതിന് ശേഷമാണെന്നും അതിന് തെളിവാണ് മാലിന്യ നിർമ്മാർജനത്തിന് പിഴ അടക്കേണ്ട സ്ഥിതിയുണ്ടായതെന്നും അഞ്ച് ഇടത്തും യുഡിഎഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി തുടങ്ങിയവരും കൺവെൻഷനിൽ പങ്കെടുത്തു.