അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെട്ട് വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്കാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിവരങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിന് വിനിയോഗിക്കുകയാണ് ലക്ഷ്യമെന്നു കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ പ്രചാരണം ഏറ്റെടുത്തു നടത്തിയ സോഷ്യല്‍ മീഡിയ വിദഗ്ദ്ധന്‍ ബ്രാഡ് പാര്‍സ്‌കെയില്‍ ഉപകരാര്‍ നല്‍കിയത് അമേരിക്കന്‍ മലയാളിയായ രാജി തോമസിന്‍റെ പിആര്‍ കമ്പനിയായ സ്പ്രിംഗ്ളറിനാണ്. ഇരുപതിലധികം സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇവരുമായി കരാറിലുണ്ട്. ബാംഗ്ലുരിലും ഇവര്‍ക്ക് കമ്പനിയുണ്ട്. ഇസ്രയേലിലുള്ള കെന്‍ഷു എന്ന കമ്പനിക്കും ഉപകരാര്‍ കിട്ടിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്തതിന് ട്രംപിനെതിരേ വലിയ ആരോപണമാണ് ഉയര്‍ന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതു വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്യുന്ന ഐടി വകുപ്പാണ് സ്പ്രിംഗ്ളറുടെ ഇടപാടിനു നേതൃത്വം വഹിക്കുന്നത്. ഐസലേഷനില്‍ കഴിയുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് കൊവിഡ് 19ന്‍റെ മറവില്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. അവ വാര്‍ഡുതല കമ്മിറ്റികള്‍ സമാഹരിച്ച് സ്പ്രിംഗഌ കമ്പനിയുടെ വെബ്‌പോര്‍ട്ടലിലേക്കു നേരിച്ചു കൈമാറാനാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. അടുത്ത ഘട്ടത്തില്‍ എല്ലാവരുടെയും വ്യക്തിഗത വിവരങ്ങള്‍ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. വിവര ശേഖരണത്തിനുള്ള 41 ചോദ്യങ്ങളാണ് ഉള്ളത്. അവയിലൂടെ വ്യക്തിയുടെ ആരോഗ്യകാര്യങ്ങള്‍ മാത്രമല്ല, പരോക്ഷമായി എല്ലാ വിവരങ്ങളും കമ്പനിക്കു ലഭിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് വലിയ തോതില്‍ സോഷ്യല്‍ മീഡിയ പ്രചാരണം അഴിച്ചുവിടാന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും കഴിയുമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കൊവിഡ് മൂലം ജനങ്ങള്‍ അഗാധമായ ദുരിതത്തിലും പ്രതിസന്ധിയിലും കഴിയുമ്പോള്‍ അതു മുതലെടുക്കാന്‍ സ്വകാര്യ അമേരിക്കന്‍ കമ്പനിയെ ഇറക്കിവിട്ട സര്‍ക്കാരിന്‍റെ നടപടി അങ്ങേയറ്റം ആപത്കരമാണ്. സര്‍ക്കാരിന്‍റെ മുദ്ര ഉപയോഗിച്ചും ഐടി സെക്രട്ടറിയുടെ വീഡിയോ ഉപയോഗിച്ചും വിശ്വാസ്യത വരുത്തിയാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. അമേരിക്കന്‍ സാമ്രാജ്യത്തത്തോട് വിധേയത്വം പുലര്‍ത്തുന്ന ആദ്യത്തെയും അവസാനത്തെയും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.