രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതി ഏറ്റവും വിപ്ലവകരമായ സുരക്ഷാ പദ്ധതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പദ്ധതി പ്രകാരം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 72,000 രൂപ എത്തും. 6,000 രൂപ വീതം പ്രതിമാസം നിർധന കുടുംബങ്ങൾക്ക് ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയാണെന്നും അതിലൂടെ 5 കോടി കുടുംബങ്ങൾക്കും 25 കോടി ജനങ്ങൾക്കും ഗുണഫലം ലഭിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വികസിത രാജ്യങ്ങൾക്ക് പോലും സ്വപ്നം കാണാൻ കഴിയാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവർക്ക് അഭിമാനത്തോടും സന്തോഷത്തോടും ജീവിക്കാനുള്ള സാഹചര്യമാണ് കോൺഗ്രസ് ലഷ്യമിടുന്നത്. ഒരു പാർട്ടിയും ഒരു രാജ്യത്തും ഇത്തരമൊരു ദാരിദ്ര്യ നിർമ്മാർജന പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും പദ്ധതിയുടെ രൂപരേഖ തയാറാക്കിയത് മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്ത ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. മിനിമം ഇൻകം ഗ്യാരന്റി സ്കീം പദ്ധതിയെ മിഗ് -19 എന്ന ചുരുക്കപേരിൽ വിളിക്കാനാണ് താൻ ആ്രഗഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി ഭരണം രാജ്യത്തെ ജനജീവിതം ദുസഹമാക്കിയെന്നും കാർഷിക കടങ്ങൾ എഴുതിതള്ളാൻ മോദി തയാറായില്ലെന്നും അദ്ദേഹം അറിയിച്ചു. യു.പി.എ കാലത്ത് കർഷകരുടെ കടബാധ്യതയായ 72,000 കോടി രൂപയാണ് എഴുതിതള്ളിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.