കോൺഗ്രസിന്റെ ഒരു സീറ്റും ആർക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് നിലപാട് അതാണെന്നും മികച്ച സ്ഥാനാർഥികളായിരിക്കും കോൺഗ്രസിന്റേതെന്നും അദേഹം ഡൽഹിയിൽ പറഞ്ഞു.
കൂടുതല്‍ സീറ്റുണ്ടെങ്കിലേ തെരഞ്ഞെടുപ്പിന് ശേഷം ഭരിക്കാനായി രാഷ്ട്രപതി വിളിക്കൂ. അതുകൊണ്ടുതന്നെ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഡല്‍ഹിയില്‍ ജയിച്ചുവരേണ്ടത് ആവശ്യമാണ്. ആ പ്രായോഗിക രാഷ്ട്രീയം മുസ്ലിം ലീഗ് മനസിലാക്കി എന്നുപറഞ്ഞ അദ്ദേഹം മുസ്ലിം ലീഗും എസ്.ഡി.പി.ഐയും ചര്‍ച്ച നടത്തി എന്ന വാര്ത്തകളെപ്പറ്റി അറിയില്ലെന്നും പറഞ്ഞു.
കെ.സി വേണുഗോപാലിനെ ദേശീയതലത്തില്‍ പൂര്‍ണമായും സംഘടനയ്ക്ക് തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതുണ്ട്. ആതിനാല്‍ തന്നെ കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ നില്‍ക്കേണ്ടത് അനിവാര്യമാണ്. ടോം വടക്കന്റെ മനംമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് ടോം വടക്കനെ കൊണ്ട് നിരന്തരം ശല്യമായിരുന്നെന്നും പറഞ്ഞു. സി.പി.എമ്മുകാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറുന്നത് ബംഗാളില്‍ കൊണ്ടുപോയി കാണിച്ചുതരാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.