എക്‌സൈസ് കസ്റ്റഡി മരണം: കര്‍ശന നടപടി വേണമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, October 3, 2019

പാവറട്ടി എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അരുംകൊലയാണിതെന്ന് വ്യക്തമായ സൂചന റിപ്പോര്‍ട്ടിലുണ്ട്.

മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മരണത്തില്‍ കലാശിച്ചെന്നും തലയ്‌ക്കേറ്റ പരിക്ക് മരണകാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതീവ ഗൗരവത്തോടെ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കാണണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ പതിനാറാമത്തെ കസ്റ്റഡി മരണമാണിത്. വരാപ്പുഴ ശ്രീജിത്ത്, നെടുങ്കണ്ടം രാജ്കുമാര്‍ തുടങ്ങിയവരുടേതിനു സമാനമാണ് രഞ്ജിത്തിന്‍റെ കൊലപാതമെന്നാണ് സൂചന.

പോലീസ് സ്‌റ്റേഷനുകളിലെ ഉരുട്ടിക്കൊലകള്‍ സാംക്രമിക രോഗം പോലെ എക്‌സൈസിനെയും പിടികൂടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.